കണക്കപ്പിള്ള കുഞ്ഞപ്പന്‍ ചേട്ടന്‍@ 96

കാഞ്ഞിരപ്പള്ളി : 95 വയസ്സു പിന്നിട്ട കണക്കപ്പിള്ള കാഞ്ഞിരപ്പള്ളി ആനക്കല്ല് താഴത്തുതകിടിയില്‍ റ്റി.ജെ. ജോസഫിന് (പുല്‍പ്പേല്‍ കുഞ്ഞപ്പന്‍ ചേട്ടന്‍) ഇന്നും ചെറുപ്പം. പ്രായം ശരീരത്തിനു മാത്രമെന്നും മനസ്സിപ്പോഴും കൗമാരത്തില്‍ ത്തന്നെയെന്നും കണ്ണിറുക്കിക്കാട്ടിയുള്ള ചെറുചിരിയോടെ ഇദ്ദേഹം പറയുമ്പോള്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.

പതിനെട്ടാമത്തെ വയസ്സില്‍ ലഭിച്ച അധ്യാപകന്റെ സ്ഥിരം ജോലി വലിച്ചെറിഞ്ഞ്, കാഞ്ഞിരപ്പള്ളി പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സില്‍ ജോലിക്കു കയറുമ്പോള്‍ കടയുടമയുള്‍പ്പെടെ ആകെയുണ്ടായിരുന്നത് മൂന്നു പേര്‍. അന്നു തുടങ്ങിയ കണക്കെഴുത്ത് ഇന്ന് ഇരുനൂറോളം ജീവനക്കാരുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായി വളര്‍ന്നപ്പോഴും കുഞ്ഞപ്പന്‍ ചേട്ടന്‍ തുടരുന്നു.

ഇവിടെ ജോലിക്കു കയറിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നത് വലിയൊരു ആഘോഷമാക്കി മാറ്റാനൊരുങ്ങുകയാണ് ജീവനക്കാരും മാനേജ്‌മെന്റും. 96 വയസ്സിലും ജോലി ചെയ്യുകയും 75 വര്‍ഷമായി ഒരേ സ്ഥാപനത്തില്‍ത്തന്നെ ജോലി തുടരുകയും ചെയ്യുന്ന ലോകത്തിലെതന്നെ ഏക വ്യക്തി ഇദ്ദേഹമായിരിക്കും.

ചിട്ടയായ ജീവിതരീതികളും അധ്വാനിക്കാനുള്ള മനസ്സുമാണ് തന്റെ ആരോഗ്യരഹസ്യമെന്ന് കുഞ്ഞപ്പന്‍ ചേട്ടന്‍ പറയുന്നു. നല്ല വടിവൊത്ത അക്ഷരത്തില്‍ യാതൊരു വെട്ടിത്തിരുത്തലുകളുമില്ലാതെ ഇംഗ്ലീഷില്‍ കണക്കുകള്‍ എഴുതുന്ന ഇദ്ദേഹം കാഴ്ചക്കാരിലും അത്ഭുതം സൃഷ്ടിക്കുന്നു. പുല്‍പ്പേലിന്റെ പ്രവേശനകവാടം തുറന്ന് അകത്തു കയറുമ്പോള്‍ ആദ്യത്തെ കസേരയില്‍ ഇരിക്കുന്ന ഈ കണക്കപ്പിള്ളയുടെ മുമ്പിലെ ടിന്നിനുള്ളില്‍ മിഠായികള്‍ ഒരിക്കലും ഒഴിയാറില്ല. തന്നെ കാണാനെത്തുന്ന കുരുന്നുകള്‍ക്ക് നല്‍കാന്‍ മാറ്റിവച്ചിരിക്കുന്നതാണിത്. കടയിലെത്തുന്ന കുരുന്നുകള്‍ മുതല്‍ പ്രായമേറിയവര്‍വരെ എല്ലാവരും കുഞ്ഞപ്പന്‍ ചേട്ടന്റെ വാത്സല്യവും സ്‌നേഹവും കരുതലും അനുഭവിച്ചാണു മടങ്ങുക. കടയിലെത്തുന്നവരേറെയും കുഞ്ഞപ്പന്‍ ചേട്ടനോട് കുശലം പറഞ്ഞാണു പോകാറ്. ചിരിച്ച മുഖവും പോസിറ്റീവ് എനര്‍ജിപരത്തുന്ന രീതിയിലുള്ള സംസാരശൈലികളും കൈമുതലായുള്ള ഇദ്ദേഹം കണക്കിന്റെ കാര്യത്തില്‍ മാത്രം ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇദ്ദേഹത്തെ ഒരു തൊഴിലാളിയായി കാണാന്‍ ജോലിക്കു കയറിയ അന്നുമുതലിന്നുവരെ മാനേജ്‌മെന്റും തയാറല്ല. എപ്പോഴും ഇദ്ദേഹത്തിന്റെ അഭിപ്രായമാരാഞ്ഞതിനുശേഷമേ സ്ഥാപനയുടമപോലും തീരുമാനങ്ങളെടുക്കാറുള്ളു.

എല്ലാവരും സ്‌നേഹ പൂര്‍വ്വം ഇച്ചാച്ചന്‍ എന്നാണ് ുഞ്ഞപ്പന്‍ ചേട്ടന്‍ വിളിക്കുന്നത്.കടയില്‍ വരുന്ന എല്ലാവരെയും തന്നേക്കാള്‍ ശ്രേഷ്ഠര്‍ എന്നു കരുതണം എന്ന മനോഭാവമാണ് കുഞ്ഞപ്പന്‍ ചേട്ടന്റേത്. ഇതേ മനോഭാവം മറ്റു സഹപ്രവര്‍ത്തകര്‍ക്കും പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാണ്. നമ്മളേക്കാള്‍ വലിയവരെല്ലാം നമ്മളേക്കാള്‍ നല്ലവരാണ് എന്നാണ് കുഞ്ഞപ്പന്‍ ചേട്ടന്റെ അഭിപ്രായം മരിക്കുന്നതുവരെ ഇവിടെ ജോലി ചെയ്യണമെന്ന ഒരൊറ്റ പ്രാര്‍ഥനയേ തനിക്കുള്ളുവെന്ന് അദ്ദേഹം പറയുന്നു. കയ്യടിയോടെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു.

കമ്പ്യൂട്ടറിനെയോ കാല്‍ക്കുലേറ്ററിനെയോ ആശ്രയിക്കാതെയാണ് ഇദ്ദേഹത്തിന്റെ കണക്കെഴുത്തിന്റെ രീതിയെന്നതാണ് പ്രത്യേകത. അല്‍പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായ അസുഖങ്ങളൊന്നുമില്ല. കാഴ്ചയ്ക്കും ഓര്‍മ്മയ്ക്കും കുഴപ്പമൊന്നുമില്ല. മുമ്പ,് ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതുമില്ല.

കുഞ്ഞപ്പന്‍ ചേട്ടന്റെ മകനും കൊച്ചു മകനും ഇവിടെ ജോലിക്കാരായിട്ടുണ്ട്. റ്റി.ജെ. ജോര്‍ജെന്ന 70 കാരനായ കുഞ്ഞപ്പന്‍ ചേട്ടന്റെ മകന്‍ 54 വര്‍ഷമായി ഇവിടെ ജോലിക്കു കയറിയിട്ട്. കുഞ്ഞപ്പന്‍ ചേട്ടന് മൂന്നു മക്കളാണ്. ഭാര്യ ചിറക്കാട് ചിറയ്ക്കലാത്ത് നാഗത്തിങ്കല്‍ ഏലിക്കുട്ടി നാലു വര്‍ഷം മുമ്പ് മരിച്ചു. ചെയ്യുന്ന ജോലിയെ പ്രണയിക്കുക, നൂറുശതമാനം വിശ്വസ്തതയും ആത്മാര്‍ഥതയും തൊഴിലില്‍ കാട്ടുക, ഇതാണ് ഓരോ തൊഴിലാളികളോടും ഏറ്റവും പ്രായംകൂടിയ തൊഴിലാളിയായ ഇദ്ദേഹത്തിന് പറയാനുള്ളത്.