കണക്ക് തീര്‍ത്ത് റോയല്‍ ചലഞ്ചേര്‍സ്

kohli
ബംഗലൂരു: സൂപ്പര്‍ ഓവറിലെ പരാജയത്തിന് സണ്‍റെയ്സിനോട് സ്വന്തം കളത്തില്‍ റോയല്‍ ചലഞ്ചേര്‍സ് പകരം വീട്ടി. ഏഴ് വിക്കറ്റിനാണ് ബംഗലൂരു റോയല്‍ ചലഞ്ചേര്‍സ് വിജയം നേടിയത്. 47 പന്തില്‍ 93 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ബംഗലൂരുവിന് അനായാസ വിജയം നേടികൊടുത്തത്.

162 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗലൂരുവിന് 47 റണ്‍സ് എടുക്കുന്നതിനിടയില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് വന്ന കോലി വലിയ പരിക്കുകള്‍ ഇല്ലാതെ ബംഗലൂരുവിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്സ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 161 എന്ന വിജയലക്ഷ്യം റോയല്‍ ചലഞ്ചേഴ്സിന് നല്‍കിയത്. 34 പന്തില്‍ 52 റണ്‍സെടുത്ത കാമറൂണ്‍ വൈറ്റും, 24 പന്തില്‍ 49 റണ്‍സെടുത്ത തിസാര പെരേരയുമാണ് സണ്‍റൈസേഴ്സിനായി തിളങ്ങിയത്. പാര്‍ഥിവ് പട്ടേല്‍ (20), കുമാര്‍ സംഗക്കാര (23), റെഡ്ഡി (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

റോയല്‍ ചലഞ്ചേര്‍സിനായി ആദ്യ മത്സരത്തിനിറങ്ങിയ ആര്‍പി സിംഗാണ് ബാംഗളൂര്‍ ബൌളര്‍മാരില്‍ തിളങ്ങിയത്. നാലോവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങി സിംഗ് മൂന്നു വിക്കറ്റ് സ്വന്തമാക്കി. വിനയ് കുമാര്‍, മുരളീധരന്‍, മുരളി കാര്‍ത്തിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.