കണമലയില്‍ ദുരന്തം വഴിമാറിയത് ക്രാഷ് ബാരിയറില്‍

കണമല: പളനിവേല്‍ മുരുകന്‍ എന്ന തമിഴ്നാട് ബസ് കണമല ഇറക്കം ഇറങ്ങുമ്ബോള്‍ തന്നെ അപകടഭീതിയുടെ കൊടുമുടിയിലായിരുന്നുവെന്ന് യാത്രക്കാരായ അയ്യപ്പഭക്തര്‍. ഇറക്കം ആരംഭിച്ചതിന് ശേഷമുള്ള ആദ്യവളവില്‍ തന്നെ ബ്രേക്ക് പോയെന്ന് ഡ്രൈവര്‍ വിളിച്ചുപറഞ്ഞത് ഇപ്പോഴും നടുക്കമായി തീര്‍ഥാടകരുടെ മനസില്‍ മറക്കാനാകാതെയുണ്ട്.

അട്ടിവളവില്‍ ക്രാഷ്ബാരിയറില്‍ ഇടിച്ചില്ലായിരുന്നെങ്കില്‍ ബസ് മറിയുക അഗാധമായ കൊക്കയിലേക്കാണ്. ക്രാഷ് ബാരിയര്‍ തുണച്ചില്ലായിരുന്നെങ്കില്‍ മുന്‍കാലങ്ങളിലേതുപോലെ കണമല ദുരന്തഭൂമിയാകുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ബ്രേക്ക് പോയെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ ആകെയുള്ള രണ്ട് ബാലന്മാരേയും നാലു സ്ത്രീകളേയും ഭക്തര്‍ ചേര്‍ത്ത് പിടിച്ച്‌ ശരണം വിളിച്ചുകൊണ്ടിരുന്നു. വളവിലെ ഓരോ ക്രാഷ് ബാരിയറുകളിലും ബസ് ഉരസി നീങ്ങുമ്ബോള്‍ ഭക്തര്‍ ആരും അലമുറയിട്ടില്ല. കൂട്ടനിലവിളികള്‍ക്ക് പകരം ഉയര്‍ന്നത് ശരണാരവങ്ങളായിരുന്നു.

ഒടുവില്‍ അട്ടിവളവില്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച്‌ ബസ് കൊക്കയിലേയ്ക്ക് ചരിഞ്ഞപ്പോള്‍ എല്ലാം അവസാനിച്ചെന്ന് തോന്നിയെന്ന് സംഘത്തിലെ ഗുരുസ്വാമി ചിന്നയ്യന്‍ പറഞ്ഞു. കൊക്കയിലേയ്ക്ക് ബസ് മറിഞ്ഞിട്ടില്ലെന്നും ക്രാഷ്ബാരിയറില്‍ ഉടക്കി ചെരിഞ്ഞുകിടക്കുകയാണെന്നും പുറത്തിറങ്ങിയപ്പോഴാണ് തീര്‍ഥാടകര്‍ക്ക് ബോധ്യമായത്.

പരിക്കുകളേറ്റവരെല്ലാം ബസിന്റെ ഇടത് വശത്ത് ബോഡിക്ക് സമീപമുള്ള സീറ്റുകളിലിരുന്നവരാണ്. ക്രാഷ് ബാരിയറുകളില്‍ ബോഡി ഉരസിയാണ് ഇവര്‍ക്ക് പരിക്കുകളേറ്റത്. ഒരു അയ്യപ്പഭക്തന്റെ ഇരുകാലുകളും ബോഡിയുടെ തകിടുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്നിരുന്നു. നാട്ടുകാര്‍ ഓടിയെത്തുമ്ബോള്‍ രക്തം ഒഴുകിയിറങ്ങുകയായിരുന്നു ബസിനുള്ളില്‍. അപകടത്തില്‍ തകര്‍ന്ന വൈദ്യുതി പോസ്റ്റില്‍ വൈദ്യുതി ബന്ധം നിലച്ചെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ആരെങ്കിലും കൊക്കയിലേയ്ക്ക് തെറിച്ചുപോയിട്ടുണ്േടായെന്നറിയാനായി കൊക്കയിലിറങ്ങി പരിശോധിച്ചു.

ഫയര്‍ഫോഴ്സിന്റെ വാഹനം എത്തിയിട്ടും ബസിനുള്ളില്‍ കുടുങ്ങിയ തീര്‍ഥാടകനെ പുറത്തെടുക്കാനായില്ല. താഴെ പാലം പണിക്ക് ഉപയോഗിച്ചിരുന്ന ഗ്യാസ് കട്ടര്‍ എത്തിച്ചാണ് തകിട് അറുത്ത്മാറ്റി തീര്‍ഥാടകനെ പുറത്തെടുത്തത്. മുന്‍കാലങ്ങളില്‍ അട്ടിവളവിലുണ്ടായ അപകടങ്ങള്‍ക്ക് കണക്കില്ല. അമ്ബതിലേറെ പേരാണ് വളവില്‍ നിന്നു വാഹനങ്ങള്‍ മറിഞ്ഞ് മരണപ്പെട്ടിട്ടുള്ളത്. കൊക്കയില്‍ കൈയുന്നപാറ ഷാജിയുടെ പുരയിടത്തിലേയ്ക്കാണ് വാഹനങ്ങള്‍ മറിഞ്ഞിരുന്നത്. ക്രാഷ് ബാരിയര്‍ ഘടിപ്പിക്കുകയും വലിയ വാഹനങ്ങള്‍ക്ക് രാത്രിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയുമാണ് കണമലയിലെ അപകടങ്ങള്‍ക്ക് കഴിഞ്ഞ സീസണ്‍മുതല്‍ വിരാമമായത്. ഇന്നലെയുണ്ടായ അപകടം ദുരന്തമാകാതിരുന്നതിന്റെ ആശ്വാസത്തിലാണ് എല്ലാ അപകടങ്ങളിലും ഓടിയെത്തി ആദ്യരക്ഷാപ്രവര്‍ത്തകരാകുന്ന കണമലയിലെ നാട്ടുകാര്‍