കണ്ണന്താനം വായിച്ചറിയാൻ റബർ കർഷകരുടെ നിർദേശങ്ങൾ

കോട്ടയം ∙ റബർ കർഷകരുടെ പ്രശ്നങ്ങൾ അറിയാൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്നു 11 ന് റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും. കർഷകരുമായും കർഷകസംഘടനകളുടെ പ്രതിനിധികളുമായും ചർച്ചയുണ്ട്. കേന്ദ്രമന്ത്രി അറിയാനും കേന്ദ്ര സർക്കാരിൽ നിന്ന് അനുഭാവപൂർണമായ നടപടിയെടുപ്പിക്കാനും റബർ കർഷകരുടെ നിർദേശങ്ങൾ.

∙റബറിന്റെ വിലകുറഞ്ഞു പ്രതിസന്ധിയിലാകുമ്പോൾ റബർകൃഷി നിലനിർത്തുന്നതിനും കർഷകരെ സഹായിക്കുന്നതിനും തായ്‌ലൻഡ്, മലേഷ്യ പോലുളള റബർ ഉത്പാദക രാജ്യങ്ങൾ നിശ്ചിത തുക ഗ്രാന്റായി നൽകാറുണ്ട്. ഇതേ ധനസഹായം ഇവിടെയും കേന്ദ്ര സർക്കാർ ലഭ്യമാക്കണം.

∙റബർ കൃഷിയെ ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തണം. ചെറുകിട കർഷകനു ചെറിയ ആശ്വാസം ആകും.

∙സംസ്ഥാന സർക്കാരിന്റെ റബർ ഉൽപാദന പ്രോത്സാഹന പദ്ധതിക്കായി 500 കോടി രൂപ മാറ്റിവച്ചത്. കേന്ദ്ര സർക്കാരും സമാനമായ തുക ലഭ്യമാക്കണം.

∙റബർ ബോർഡിനുള്ള ധനസഹായം വർധിപ്പിക്കണം. ഈ വർഷം 250 കോടി രൂപ ചോദിച്ചിട്ട് കിട്ടിയതു വെറും 140 കോടി. ഇതിൽ 74 ശതമാനവും റബർ ബോർഡ് ജീവനക്കാരുടെ ശമ്പളത്തിനാണ്. സബ്സിഡിക്കും ഗവേഷണത്തിനും പണം ഇല്ല.

∙ ആവർത്തന കൃഷിക്കുള്ള ധനസഹായം പുനരാരംഭിക്കണം. 2014–15 വർഷത്തെ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും പൈസ കൊടുത്തിട്ടില്ല. 2016–17 വർഷത്തെ അപേക്ഷകളും സ്വീകരിച്ചിട്ടില്ല. 1979 ൽ പുതുകൃഷിക്കു നൽകിയിരുന്ന സബ്സിഡിയായ 25000 രൂപ തന്നെയാണ് ഇപ്പോഴുമുളളത്. തുക വർധിപ്പിക്കണം.

∙വില സ്ഥിരത ഉൾപ്പടെ നിർദേശങ്ങൾ അടങ്ങിയ ദേശീയ റബർ നയം നടപ്പാക്കണം.

∙ റബർ ബോർഡ് സഹായം പിൻവലിച്ചതോടെ റബർ ഉത്പാദക സംഘങ്ങൾ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. കേന്ദ്ര സർക്കാർ ഇടപെടണം.

∙റബർ കൃഷിക്ക് ഇടവിളയായി മറ്റു കൃഷികളും തേനീച്ച വളർത്തൽ പോലുള്ള മറ്റ് സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനു ധനസഹായവും പലിശരഹിത വായ്പയും ലഭ്യമാക്കണം.