കണ്ണിമലയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നിര്‍ദേശം

എരുമേലി: മുണ്ടക്കയം – എരുമേലി സംസ്ഥാന പാതയില്‍ അപകടങ്ങള്‍ തുടര്‍ച്ചയായ കണ്ണിമല മഠംപടി ഇറക്കത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിര്‍ദേശിച്ചു. അപകട സാധ്യതയേറിയ കുത്തിറക്കവും വളവും ഒഴിവാക്കി സമാന്തര പാത വഴി ഗതാഗതമൊരുക്കാനാണ് ആലോചന.

ശബരിമല സീസണിലാണ് കണ്ണിമലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നത്. കുത്തിറക്കത്തിനൊടുവിലുള്ള വളവില്‍വച്ച്‌ തീര്‍ഥാടക വാഹനങ്ങള്‍ നിയന്ത്രണംതെറ്റി നിരവധി അപകടങ്ങളാണ് ഇതിനോടകം സംഭവിച്ചത്. റോഡ് ദേശീയപാത നിലവാരത്തില്‍ ടാര്‍ ചെയ്തിട്ടും അപകടങ്ങള്‍ കുറഞ്ഞില്ല.

കഴിഞ്ഞദിവസം അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് അപകടത്തില്‍പ്പെട്ടതോടെയാണ് അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ചീഫ് വിപ്പ് ശബരിമല സീസണ്‍ അവസാനിക്കുന്നതുവരെ ഇറക്കത്തിലെ പവ്വത്തുംപടി, മഠംപടി എന്നിവിടങ്ങളില്‍ 24 മണിക്കൂറും പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് നിര്‍ദേശിച്ചു. ഉടന്‍തന്നെ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈെസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു.

റോഡരികില്‍ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ ഉയരത്തിലാക്കാമെന്ന് കെഎസ്‌ഇബി അധികൃതര്‍ ഉറപ്പു നല്‍കി. ഇതിനായി പഞ്ചായത്തില്‍നിന്നു ഫണ്ട് അനുവദിക്കും. അമരാവതിയില്‍ നിന്നുള്ള സമാന്തരപാത ഉപയോഗിച്ചാല്‍ കണ്ണിമല കയറ്റവും വളവും ഒഴിവാക്കി സഞ്ചരിക്കാം. എന്നാല്‍, ഈ പാത പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടില്ല. കൂവപ്പള്ളിയില്‍നിന്നു മുണ്ടക്കയത്തിനു സഞ്ചരിക്കാവുന്ന എളുപ്പ പാതകൂടിയാണിത്. ഈ പാത ഏറ്റെടുക്കണമെന്ന് കണ്ണിമല വാര്‍ഡംഗം ഷേര്‍ലി ജോര്‍ജ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ ചീഫ് വിപ്പിന് നിവേദനം നല്‍കിയെന്ന് കെഎസ്സി-എം നിയോജകമണ്ഡലം പ്രസിഡന്റ് മാത്യൂസ് വെട്ടുകല്ലാംകുഴി പറഞ്ഞു.

സമാന്തരപാത തീര്‍ഥാടനകാലത്ത് വണ്‍വേ ആയി ഉപയോഗിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പാത ടാര്‍ ചെയ്ത് വികസിപ്പിച്ചാല്‍ ഗതാഗതം സുഗമമാകും. അതേസമയം അപകടസാധ്യതയേറിയ ഭാഗങ്ങള്‍ ക്രാഷ്ബാരിയറുകള്‍ സ്ഥാപിച്ച്‌ സുരക്ഷിതമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം യാഥാര്‍ഥ്യമായിട്ടില്ല.