കണ്ണു നിറഞ്ഞ് ചോറ്റി ഗ്രാമം



ചോറ്റി∙ പഠനത്തിലും പരീക്ഷകളിലും എന്നും ഒന്നാമൻ, പക്ഷേ 22-ാം വയസിൽ മരണത്തിനു മുന്നിൽ മാത്രം തോറ്റ കാത്തുവിന്റെ വിയോഗം വിശ്വസിക്കാനാകാതെ ചോറ്റി ഗ്രാമം. കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ‍ ഒന്നാം വർഷ എംബിഎ വിദ്യാർഥി കാർത്തിക് പ്രകാശ് (22) വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയ കാത്തുവായിരുന്നു.കാർത്തികിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ചോറ്റ് ഗ്രാമം സങ്കടക്കടലായി. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ നിർമലാരാം ഈഴപ്പറമ്പിൽ ഇ.ജി. പ്രകാശിന്റെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി നഴ്സ് ചെങ്ങളം പുലിതൂക്കിൽ കുടുംബാംഗം ബിജിയുടെയും മകനാണ്.

കാർത്തിക് മത്സരിച്ച പരീക്ഷകളിലെല്ലാം  ഒന്നാമതെത്തി. പത്താം ക്ലാസിലും പ്ലസ് വണ്ണിനും എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ്. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക് പൂർത്തിയാക്കിയ ശേഷം സിഎടി എഴുതി ദേശീയതലത്തിൽ 96.6 ശതമാനം മാർക്ക് നേടി ഐഐഎമ്മിൽ പ്രവേശനം നേടി. ഇൻഡോറിലും കോഴിക്കോട്ടും പ്രവേശനം ലഭിച്ച കാർത്തിക് കോഴിക്കോട് തിരഞ്ഞെടുത്തു. ബിസിനസ് മോഹവുമായാണ് എംബിഎ പഠനം തുടങ്ങിയത്. ഈ ബാച്ചിലെ 6 മലയാളികളിൽ ഏക കോട്ടയംകാരൻ. ആദ്യ ശ്രമത്തിൽ തന്നെ സിഎടി വിജയിച്ച കാർത്തിക് എെഎെഎമ്മിൽ തന്റെ ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയാണ്.

ക്രിസ്മസ് ആഘോഷം കഴിഞ്ഞ് 26നാണു കോഴിക്കോട്ടേക്കു പോയത്. സഹോദരി ലക്ഷ്മി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ എഴുതാൻ എറണാകുളത്ത് പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രത്തിൽ പഠനത്തിലാണ്.ജനുവരി 5 പ്രകാശിന് തന്റെ അച്ഛനെയും മകനെയും നഷ്ടപ്പെട്ട ദിവസമാണ്. 2001 ജനുവരി അ‍ഞ്ചിനാണ് പ്രകാശിന്റെ അച്ഛൻ ഇ.കെ.ഗോപാലൻ മരിച്ചത്.സഹപാഠികളോടൊപ്പം ഞായറാഴ്ച അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കുമ്പോഴാണ് കാർത്തിക്കിന്റെ മരണം.