കണ്ണൂരില്‍ കല്ലേറ്: മുഖ്യമന്ത്രിക്ക് പരിക്ക്‌

cm newകണ്ണൂര്‍ : കണ്ണൂരില്‍ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റു. വൈകീട്ട്അഞ്ചര മണിയോടെ കായികമേള നടക്കുന്ന പോലീസ് മൈതാനത്തേയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവയ്ക്കു നേരെ തുരുതുരെ കല്ലേറുണ്ടായത്. മുഖ്യമന്ത്രി ഇരുന്ന ഡ്രൈവറുടെ ഭാഗത്താണ് കല്ലുകള്‍ കൊണ്ടത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലു തകരുകയും ആ ചില്ലു തറച്ച് മുഖ്യമന്ത്രിക്ക് നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയും ചെയ്തു. ചോരപൊടിയുന്ന ഈ മുറിവുമായാണ് മുഖ്യമന്ത്രി ഉദ്ഘാടനവേദിയിലെത്തിയത്.

സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉച്ച മുതല്‍ തന്നെ പോലീസ് മൈതാനത്തിന് ചുറ്റും ആയിരക്കണക്കിന് എല്‍ .ഡി. എഫ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. മൈതാനത്തിന്റെ എല്ലാ കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വൈകീട്ട് നാലു മണിയോടെ തന്നെ ഗ്രൗണ്ടിന്റെ നാലു ഗെയിറ്റും പോലീസ് അടച്ചിരുന്നു.

ഇത് കണക്കിലെടുത്ത് ദേശീയ പാതയില്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രി പോലീസ് മൈതാനത്തെത്തിയത്. മുഖ്യമന്ത്രിയെ ഒന്നാം ഗേറ്റിലൂടെ മൈതാനത്തേയ്ക്ക് കൊണ്ടുവരാനായിരുന്നു പോലീസിന്റെ ശ്രമം. ഇതിനിടെയാണ് ആര്‍ .ടി.ഒ. ഓഫീസിന് സമീപത്തു നിന്ന് കല്ലേറുണ്ടായത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളായ പി.ജയരാജന്‍ , എം.വി. ജയരാജന്‍ , പി.കെ.ശ്രീമതി, ഷംസീര്‍ എന്നിവര്‍ മൈതാനത്തിന് സമീപത്തു നില്‍ക്കുമ്പോള്‍ തന്നെയാണ് കല്ലേറുണ്ടായത്.

കല്ലേറിനു ശേഷവും അക്രമാസക്തരായി മൈതനത്തിന് സമീപം നിലകൊണ്ട പ്രവര്‍ത്തകരെ പോലീസ് വിരട്ടിയോടിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ ശ്രമം കൂടുതല്‍ സംഘര്‍ഷത്തിന വഴിവച്ചു. പ്രവര്‍ത്തകര്‍ നഗരത്തില്‍ സ്ഥാപിച്ച കോണ്‍ഗ്രസിന്റെ കൊടികളും ബോര്‍ഡുകളും നശിപ്പിച്ചു.

പോലീസ് കായികമേളയില്‍ സമ്മാനദാനം നിര്‍വഹിച്ചശേഷം മുഖ്യമന്ത്രിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഇതിനുശേഷം അദ്ദേഹം കണ്ണൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിശദീകരണയോഗത്തില്‍ പങ്കെടുക്കാന്‍ പോയി.

തിരുവനന്തപുരത്തും എറണാകുളത്തും നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ എല്‍ .ഡി. എഫ് ഉപരോധിച്ചെങ്കിലും പരിപാടി തടസ്സമൊന്നുമില്ലാതെ നടന്നിരുന്നു. എങ്ങും സംസ്ഥാനത്തെ മറ്റു പല ഭാഗങ്ങളിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രകടനവും മറ്റും നടന്നിരുന്നെങ്കിലും എങ്ങും അക്രമം ഉണ്ടായിരുന്നില്ല. കണ്ണൂരില്‍ സംഭവിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)