കനകപ്പലം 110 കെ.വി സബ്‌സ്റ്റേഷന്‍; ലൈന്‍വലിക്കുന്നതില്‍ വീണ്ടുംതടസ്സം

എരുമേലി: ലൈനിലെ തടസ്സങ്ങളൊഴിവായതിനെ ത്തുടര്‍ന്ന് കനകപ്പലം 110 കെ.വി. സബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതിനിടെ സബ്‌സ്റ്റേഷനിലേക്ക് ലൈന്‍വലിക്കുന്നതില്‍ വീണ്ടും തടസ്സം.

കനകപ്പലം സ്വദേശിയാണ് പുരയിടത്തിലൂടെ ലൈന്‍ വലിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സബ്‌സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു.

ലൈന്‍ വലിക്കുന്നതിനെതിരെ നിലവില്‍ 8 കേസുകള്‍ ഉണ്ടായിരുന്നതില്‍ 3 കേസുകള്‍ ഹൈക്കോടതി തള്ളിയിരുന്നു. 5 കേസുകള്‍ തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ കേസുകളില്‍ വൈദ്യുതി ബോര്‍ഡിനനുകൂലമായി വിധിവന്ന സാഹചര്യത്തിലാണ് സബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. ഇതിനിടെയാണ് വീണ്ടും പുതിയ കേസ് കോടതിയിലെത്തിയിരിക്കുന്നത്.

ശബരിമലയുടെ കവാടമായ എരുമേലിയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും വൈദ്യുതി വിതരണം മെച്ചപ്പെടുത്താനുമാണ് 1992ല്‍ സബ്‌സ്റ്റേഷന്‍ അനുവദിച്ചത്.16 കോടി രൂപയായിരുന്നു പദ്ധതി തുക. ഇതിനായി കനകപ്പലത്ത് മൂന്നേക്കര്‍ സ്ഥലംവാങ്ങി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എഴുപത് ശതമാനത്തോളം പൂര്‍ത്തിയാക്കി. സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതിലൈന്‍ വലിക്കുകയെന്ന പ്രധാനജോലിയാണ് ലൈന്‍ വലിക്കാനുദ്ദേശിക്കുന്ന ഭാഗത്തെ ആള്‍ക്കാരുടെ എതിര്‍പ്പിനെ ത്തുടര്‍ന്ന് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത്.

പള്ളം-പീരുമേട് ലൈനിലെ 139-ാം ടവറില്‍ നിന്ന് പടിഞ്ഞാറേക്കര, ചെറുവള്ളി എസ്റ്റേറ്റ് ഭാഗംവഴി കനകപ്പലത്തിന് വൈദ്യുതിലൈന്‍ എത്തിക്കാനാണ് റൂട്ട് നിശ്ചയിച്ചിട്ടുള്ളത്. 10.3 കിലോമീറ്ററാണ് ദൂരം. ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനകരമായ പദ്ധതിയാണ് ചിലരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത്.