കനത്ത മഴയില്‍ കണമല കോസ്‌വേയും മൂക്കന്‍പെട്ടി പാലവും വെള്ളത്തില്‍

പന്പാവാലി• കനത്ത മഴയില്‍ പന്പാനദിയിലെ കണമല കോസ്‌വേയും അഴുതാ നദിയിലെ മൂക്കന്‍പെട്ടി പാലവും വെള്ളത്തിനടിയിലായി.

വനമേഖലയില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നു നദികളില്‍ പെരുവെള്ളം ഉയരുകയായിരുന്നു. മഴയെ തുടര്‍ന്നു കിഴക്കന്‍ മേഖലയിലേക്കുള്ള വാഹനഗതാഗതം നിലച്ചു. ഇന്നലെ പകല്‍ മൂന്നിനാണു കണമല കോസ്‌വേ മൂടി വെള്ളം ഒഴുകിത്തുടങ്ങിയത്. വൈകുന്നേരത്തോടെ മൂക്കന്‍പെട്ടി പാലത്തിലും വെള്ളം കയറി.

മൂക്കന്‍പെട്ടി പാലത്തിനു കൈവരിയില്ലാത്തതു വാഹനയാത്രയ്ക്കു വന്‍ ഭീഷണി സൃഷ്ടിച്ചു. എരുമേലി നിന്നുള്ള ബസ് സര്‍വീസുകള്‍ കണമലയില്‍ അവസാനിപ്പിച്ചു. തുലാപ്പള്ളി, നാറാണംതോട്, കിസുമം, മൂലക്കയം, മൂക്കന്‍പെട്ടി, ഏഞ്ചല്‍വാലി ഭാഗത്തേക്കുള്ള നൂറുകണക്കിനു യാത്രക്കാര്‍ ഇതോടെ കണമലയില്‍ കുടുങ്ങി. കണമലയില്‍ പുതിയ പാലം നിര്‍മാണം പുരോഗമിക്കുകയാണ്. പാലംപണി പൂര്‍ത്തിയായാല്‍ മാത്രമേ വെള്ളപ്പൊക്കം മൂലം ജനം നേരിടുന്ന ദുരിതത്തിനു പരിഹാരമാകൂ.