കനത്ത മഴ; പുഴകൾ കരകവിഞ്ഞു

എരുമേലി∙ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ പമ്പ, മണിമല, അഴുതയാറുകൾ കരകവിഞ്ഞു. ഓരോ മഴയ്ക്കു ശേഷവും അൽപം ഇടവേള ലഭിക്കുന്നതിനാൽ മറ്റ് നാശനഷ്ടങ്ങളില്ല. എന്നാൽ നദീ തീരങ്ങളിൽ ഇടിച്ചിൽ ശക്തമാണ്. ശബരിമല പാതകളിൽ വെള്ളക്കെട്ട് നിറഞ്ഞു. ഒരാഴ്ചയോളം നിന്ന തെളിഞ്ഞ കാലാവസ്ഥ മാറിയാണ് മൂന്നു ദിവസമായി മഴ പെയ്തത്. പമ്പയാറ്റിൽ നിലവിലുള്ളതിനെക്കാൾ നാല് അടിയിലേറെ വെള്ളം ഉയർന്നതോടെ കണമല, അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ്‌വേകളിൽ തൊട്ടു തൊട്ടില്ല എന്ന കണക്കേയാണ് വെള്ളമൊഴുകിയത്. കണമല ഒഴികെയുള്ള രണ്ട് കോസ് വേകളിലും വാഹന, കാൽനടയാത്രയുണ്ട്. മഴ തുടർന്നാൽ ഇവ വെള്ളത്തിനടിയിലാവും.

പാണപിലാവ്∙ മഴ തുടരുന്നതിനിടെ മഹാത്മ ഗാന്ധി സ്മാരക എൽപി സ്കൂളിനു മുൻപിലെ കൂറ്റൻ ആഞ്ഞിലിമരം ഏതു നിമിഷവും നിലംപൊത്തുമെന്ന് ആശങ്ക. ചേർന്നു നിൽക്കുന്ന രണ്ട് മരങ്ങളിലൊന്ന് അടുത്തയിടെ കടപുഴകി വീണിരുന്നു. എരുത്വാപ്പുഴ മലവേടർ കോളനിയിലേതടക്കമുള്ള കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. മരത്തിനു ചുവട്ടിലൂടെ മഴ പെയ്ത് മണ്ണൊലിപ്പുമുണ്ട്. മരം വെട്ടിമാറ്റാനായി വനംവകുപ്പ്, പഞ്ചായത്ത്, ജില്ലാ ഭരണകൂടം സോഷ്യൽ ഫോറസ്ട്രി, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി പലരോടും ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ഉടമസ്ഥതയിലല്ല സ്ഥലമെന്നും സ്ഥലത്തിന് പട്ടയമില്ലെന്നും പറഞ്ഞ് കൈമലർത്തിയതായി നാട്ടുകാരൻ ബിനു നിരപ്പേൽ ആരോപിക്കുന്നു.