കരഞ്ഞും ചിരിച്ചും കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

എരുമേലി: വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ കുട്ടികള്‍ വിജയദശമിദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു. മേഖലയിലെ വിവിധ ക്ഷേത്രങ്ങള്‍ക്കുപുറമെ നിലത്തെഴുത്തുകളരികളിലും സ്‌കൂളുകളിലും വിദ്യാരംഭച്ചടങ്ങ് നടന്നു. കരഞ്ഞും ചിരിച്ചും നൂറുകണക്കിനു കുരുന്നുകള്‍ അക്ഷരാമൃതം നുകര്‍ന്ന് അറിവിന്റെ ലോകത്തേക്ക് ആദ്യചുവടുവച്ചു.

എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദേവീനടയില്‍ നടന്ന വിദ്യാരംഭച്ചടങ്ങുകള്‍ക്ക് ക്ഷേത്രംശാന്തി ജിഷ്ണു പെരിയമന കാര്‍മികത്വം വഹിച്ചു. കുട്ടികള്‍ക്കുപുറമെ മുതിര്‍ന്നവരും നാഗത്തറയിലെ മണലില്‍ അക്ഷരം കുറിച്ചു. വിജയദശമി പ്രമാണിച്ച് ധര്‍മശാസ്താ ക്ഷേത്രത്തില്‍ മേല്‍ശാന്തി ജഗദീഷ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പ്രത്യേകപൂജകളും ഉണ്ടായിരുന്നു.

എരുമേലി എസ്.എന്‍.ഡി.പി. ശാഖാ ഗുരുദേവക്ഷേത്രത്തില്‍ വിദ്യാരംഭത്തിന് ബിജു ശാന്തി കാര്‍മികനായി. കലശാഭിഷേകവും വിദ്യാഗോപാലമന്ത്രാര്‍ച്ചനയും നടന്നു.