കരിങ്കല്ലുമ്മൂഴി, പൊര്യൻമലക്കാർക്ക് പുതിയ വഴി വലിയതോട്ടിൽ പാലം ഉയരുന്നു

എരുമേലി∙ കരിങ്കല്ലുമ്മൂഴി, പൊര്യൻമല നിവാസികൾക്ക് യാത്രയുടെ പുതിയ വഴി തുറക്കാൻ വലിയതോട്ടിൽ പാലം ഉയരുന്നു. പാലത്തിന്റെ പ്രാഥമിക ജോലികൾ പുരോഗമിക്കുകയാണ്. ഈ സാമ്പത്തിക വർഷാവസാനം പണികൾ പൂർത്തിയാക്കും. വലിയതോട്ടിലെ കരിങ്കല്ലുമ്മൂഴിക്കും വനംവകുപ്പ് ഓഫിസ് പടിക്കും ഇടയിലാണ് പാലം നിർമിക്കുന്നത്.

ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പദ്ധതികളിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുക. പാലം പണി പൂർത്തിയാവുന്നതോടെ കരിങ്കല്ലുമ്മൂഴി, പൊര്യൻമല നിവാസികൾക്ക് എരുമേലി– ശബരിമല റോഡിലേക്ക് നേരിട്ട് പ്രവേശിക്കാനാവും. മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്കു പാലം നേരിട്ട് പ്രയോജനം ചെയ്യും.

സീസണിൽ എരുമേലി പട്ടണത്തിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാവുമ്പോൾ നാട്ടുകാരുടെ വാഹനങ്ങൾക്ക് വലിയമ്പലം പടി മുതൽ കാഞ്ഞിരപ്പള്ളി റോഡ് വരെയുള്ള തിരക്ക് ഒഴിവാക്കാൻ പാലം പ്രയോജനപ്പെടും. വിവിധ റോഡുകളിലേക്ക് എത്തിച്ചേരാൻ ഉപകരിക്കുന്ന പാലമാണിത്. പാലത്തിന് നാലു മീറ്ററാണ് ഉയരം. മൂന്നു മീറ്റർ വീതിയുമുണ്ട്. തൽക്കാലം പാലം മാത്രമാണു നിർമിക്കുക.

അനുബന്ധ റോഡിന്റെ നിർമാണം അടുത്ത പദ്ധതിയിൽപ്പെടുത്തും. പാത പുനരുദ്ധാരണവും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ജോയി, വാർഡ് അംഗം ഇ.കെ. സുബ്രഹ്മണ്യൻ എന്നിവർ സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി