കരുണയില്ലാതെ ‘കാരുണ്യ’ പദ്ധതി: ആശങ്കയിൽ രോഗികൾ

സംസ്ഥാന സർക്കാർ പുതുതായി അവതരിപ്പിച്ച കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ വ്യവസ്ഥകൾ രോഗികളെ പ്രതിസന്ധിയിലാക്കുന്നു. ഹൃദയ ശസ്ത്രക്രിയ, നാഡീസംബന്ധമായ ചികിത്സ എന്നിവയിലാണ് പ്രതിസന്ധി. കഴിഞ്ഞ ഒന്നു മുതലാണ് കാരുണ്യ പദ്ധതിക്കു പകരമായി പുതിയ ആരോഗ്യസുരക്ഷാ പദ്ധതി നിലവിൽ വന്നത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കായി പുതിയ പാക്കേജ് പ്രകാരം അനുവദിച്ചിരിക്കുന്നത് 90,000 രൂപയാണ്.

എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയാൽ പോലും 1.10 ലക്ഷം മുതൽ 1.20 ലക്ഷം രൂപ വരെ ചെലവാകും. അധികമായി വേണ്ടിവരുന്ന തുക എവിടെ നിന്നു കണ്ടെത്തും എന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതു സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നു പരിഹാര നടപടികൾ സ്വീകരിക്കാം എന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

ചികിത്സകൾ പ്രതിസന്ധിയിൽ

ന്യൂറോ സർജറി വിഭാഗത്തിലെ ചില ശസ്ത്രക്രിയകളും പ്രതിസന്ധി നേരിടുന്നു. രക്തക്കുഴലുകളിൽ കുമിള പോലെ വീർത്തു പൊട്ടുന്ന അന്യൂറിസം പോലുള്ള രോഗങ്ങൾക്കു ശസ്ത്രക്രിയ നടത്തുന്നതിനു നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ചികിത്സാ പാക്കേജ് അപര്യാപ്തമാണ്.

കിടത്തിചികിത്സകൾക്കു വിധേയരാകുന്ന രോഗികൾക്കു മാത്രമായി പദ്ധതി ചുരുക്കിയതും കാൻസർ രോഗികളുടെ ചികി‍ത്സ പ്രതിസന്ധിയിലാക്കി. എന്നാൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പുതിയ പാക്കേജ് പ്രകാരം 32,000 രൂപ വരെ അധിക തുക അനുവദിക്കുന്നുണ്ട്.