കരുതിവയ്ക്കാം മഴവെള്ളം

മഴക്കാലത്ത് ഇഷ്ടംപോലെ വെള്ളം, പലയിടങ്ങളിലും വെള്ളപ്പൊക്കം. വേനലിൽ വെള്ളത്തിനായി നെട്ടോട്ടം. മഴക്കാലത്തു വെള്ളം കരുതിവച്ചാല്‍ വരള്‍ച്ചയിലെ നെട്ടോട്ടം ഒഴിവാക്കാം. ഇതിനുള്ള വഴികളാണ് മഴവെള്ള സംഭരണവും ഭൂജലപോഷണവും.

മേൽക്കൂരയിൽനിന്നു മഴവെള്ളം: ഇതു ശേഖരിച്ച് അരിച്ചു ശുദ്ധമാക്കി സംഭരണികളിൽ സൂക്ഷിച്ചാൽ കുടിവെള്ള ആവശ്യത്തിനായി നേരിട്ടുപയോഗിക്കാം. ഇതിനായി ഫെറോസിമന്റ്, ഫൈബർ, ഇഷ്ടിക എന്നിവകൊണ്ടുള്ള സംഭരണികൾ ഉപയോഗിക്കാം. സംഭരണികളിലെ അധികജലം സമീപത്തെ കിണറുകളിലേക്ക് ഒഴുക്കിവിട്ടു ഭൂഗർഭ ജലവിതാനം കൂട്ടുകയും ചെയ്യാം. 10000 ലീറ്റർ ശേഷിയുള്ള സംഭരണിയിൽ അഞ്ചംഗ കുടുംബത്തിനു കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള ശുദ്ധജലം ഇത്തരത്തിൽ ശേഖരിച്ചു സൂര്യപ്രകാശം കടക്കാതെ ഭദ്രമായി സൂക്ഷിച്ചുവച്ചാൽ വേനൽക്കാലത്ത് ഉപയോഗിക്കാം.

സംഭരണ കുളങ്ങൾ: ഗാർഹികേതര ആവശ്യങ്ങൾക്കായി മഴവെള്ളം നേരിട്ടോ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിപ്പോകുന്ന വെള്ളമോ സംഭരിക്കാം. ഇതിനായി കുളങ്ങൾ, ചിറകൾ, പോളിത്തീൻ ഷീറ്റ് പാകിയ കുളങ്ങൾ തുടങ്ങി ഓരോ സ്ഥലത്തിനും യോജിച്ച നിർമാണങ്ങൾ നടത്താം.

കിണറിനു ചുറ്റും മഴക്കുഴി: മഴവെള്ളം ഭൂമിയിൽ ആഴ്ത്താൻ ഏറ്റവും ചെലവു കുറഞ്ഞ മാർഗമാണ് മഴക്കുഴികൾ. സ്ഥലസൗകര്യത്തിനും മണ്ണിന്റെ ഘടനയ്ക്കും അനുസരിച്ച് പുരയിടങ്ങളിലും കൃഷിസ്ഥലങ്ങളിലും കുഴികൾ ഉണ്ടാക്കാം. മഴക്കാലത്ത് എപ്പോഴും വെള്ളം കുഴികളിൽ നിറഞ്ഞിരിക്കും. ഇത് ക്രമേണ ഭൂമിയിലേക്ക് ഊർന്നിറങ്ങും. 0.6 മീ. X 0.6 മീ. X 0.6 മീ. അളവിലുള്ള കുഴികളാണ് നല്ലത്. ഓരോ മഴയ്ക്കും വെള്ളം ഈ കുഴികളിൽ നിറയുകയും ക്രമേണ ഭൂമിയിലേക്ക് ഊർന്നിറങ്ങുകയും ചെയ്യും.

ചെങ്കൽകുഴികളിൽ വെള്ളം: ഉപയോഗശൂന്യമായി കിടക്കുന്ന ചെങ്കൽകുഴികൾ, ക്വാറികളിൽ രൂപപ്പെടുന്ന കുഴികൾ, പൊട്ടക്കിണറുകൾ എന്നിവ ജലസംഭരണികളാക്കാം. വീടുകളിൽ പുരപ്പുറത്തും പുരയിടങ്ങളിലും വീഴുന്ന വെള്ളം പൈപ്പുവഴിയോ ചാലുകൾ വഴിയോ ചെങ്കൽകുഴികളിൽ എത്തിച്ചാൽ വെള്ളം മണ്ണിലേക്കു കിനിഞ്ഞിറങ്ങുന്നതിനും ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്നതിനും പ്രയോജനപ്പെടും.

കോൺടൂർ ചാലുകൾ: ചരിവുള്ള പ്രദേശങ്ങളിൽ ചരിവിനു കുറുകെ ചാലുകളും വരമ്പുകളും ഉണ്ടാക്കുക. ചരിവ് കൂടുതലുള്ള സ്ഥലങ്ങളിൽ തട്ടു തിരിച്ച് ഇടക്കയ്യാല വയ്ക്കുക.

തടയണകൾ: ഒഴുകിപ്പോകുന്ന വെളളം തടഞ്ഞു നിർത്തുന്നതിനായി നീർച്ചാലുകളുടെയും തോടുകളുടെയും വീതി കുറഞ്ഞ ഭാഗം നോക്കി കുറുകെ ചെലവു കുറഞ്ഞ ജൈവ തടയണകൾ നിർമിക്കുക. മണൽ നിറച്ച ചാക്കുകളും ഇതിനായി ഉപയോഗിക്കാം.

അടിയണകൾ: ഭൂഗർഭജലം ഒലിച്ചു പോകാതെ തടഞ്ഞുനിർത്താൻ ഭൂമിയുടെ ഉപരിതലത്തിൽനിന്നു താഴോട്ട് അടിയണകൾ നിർമിക്കുക. അടിയണകൾ ഭൂഗർഭ ജലത്തിന്റെ ഒഴുക്കു തടഞ്ഞ് ആ പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ സഹായിക്കും.

പൊട്ടക്കിണർ സംരക്ഷണം: ഭൂനിരപ്പിലൂടെ ഒഴുകി പാഴാവുന്ന മഴവെള്ളത്തെ കൃത്രിമമാർഗങ്ങളിലൂടെ അരിച്ചു ശുദ്ധീകരിച്ച് ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ, പൊട്ടക്കിണർ തുടങ്ങിയവയിലൂടെ ഭൂമിയിലേക്കിറങ്ങാൻ അനുവദിക്കാവുന്നതാണ്. ചരൽ, കരി, മണൽ, ചരൽ എന്നിവ യഥാക്രമത്തിൽ നിറച്ച (തിരശ്ചീനമായോ ലംബമായോ) ഫിൽറ്ററുകൾ ശുദ്ധീകരണത്തിനായി ഉപയോഗിക്കാം. പത്തുവർഷത്തിനിടയിൽ ഏകദേശം ആറര ലക്ഷം കിണറുകൾ വറ്റിവരണ്ട് ഉപയോഗശൂന്യമായിട്ടുണ്ട്. ഇവയെല്ലാം ഇത്തരം ഭൂഗർഭ ജലപോഷണത്തിന് ഉപയോഗിക്കാം.

കൃഷിയിടത്തില്‍ ജൈവ പുത: മണ്ണിനു പുതയിടുന്നത് ഈർപ്പം നിലനിർത്തുന്നതിനു സഹായിക്കും. ഉണങ്ങിയ ഇലകൾ, ചപ്പുചവറുകൾ, വയ്ക്കോൽ, മുൻ വിളകളുടെ അവശിഷ്ടങ്ങൾ ഇവയെല്ലാം പുതയിടാൻ ഉപയോഗിക്കാം. മണ്ണിന്റെ ജൈവാംശം വർധിപ്പിച്ചു ജലാഗിരണശേഷി കൂട്ടുന്നതിനും പുതയിടൽ സഹായകം.

കൃഷിയിടത്തിൽ ജൈവപുത
ആവരണ വിളകളും ജൈവ വേലിയും: പയർവർഗത്തിൽപ്പെട്ട ചെടികളെ ആവരണവിളകളായി നട്ടു വളർത്തിയാൽ പുതയിടലിന്റെ പ്രയോജനം ചെയ്യും. കലപ്പഗോണിയം, പ്യുറേറിയ, സെന്ററോസിമ തുടങ്ങിയവ ഇതിനു പറ്റിയ ചെടികളാണ്. പറമ്പുകളിൽ രാമച്ചവും പുല്ലുവർഗത്തിൽപ്പെടുന്ന മറ്റു ചെടികളും നട്ടുപിടിപ്പിച്ചു വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കാം.

സമ്മിശ്ര ബഹുനില കൃഷി: വിവിധ ഉയരങ്ങളിൽ വളരുന്ന വിളകൾ ഒരേ സ്ഥലത്തു കൃ‍ഷി ചെയ്യുന്ന രീതിയാണിത്. മഴവെള്ളം ഭൂമിയിൽ നേരിട്ടു പതിക്കുന്നതും ഉപയോഗപ്പെടാതെ കുത്തിയൊലിച്ചു പോകുന്നതും തടയാൻ ഈ കൃഷിരീതികൾ സഹായിക്കും.
തണ്ണീർതടങ്ങളും ചതുപ്പുനിലങ്ങളും: വികസനത്തിന്റെ പേരിൽ വയലുകളും ചതുപ്പുകളും നികത്തുമ്പോൾ വെള്ളം ഭൂമിയിൽ താഴ്ന്നു ഭൂഗർഭ ജലവിതാനം ഉയർത്താനുള്ള അവസരം നഷ്ടപ്പെടുന്നു. അതിനാൽ ഇനിയെങ്കിലും നിലവിലുള്ള ഇത്തരം തണ്ണീർതടങ്ങൾ നികത്താതിരിക്കുകയും കുളങ്ങൾ, ചിറകൾ തുടങ്ങിയവ മൂടിക്കളയാതിരിക്കുകയും മൂടിയവയും ഉപയോഗശൂന്യമായവയും പുനരുദ്ധരിക്കുകയും വേണം.

തെങ്ങിൻതോപ്പിൽ തൊണ്ട് അടുക്കൽ: നാളികേര തൊണ്ടുകൾ അവയുടെ ഭാരത്തിന്റെ ആറ് ഇരട്ടിവരെ വെള്ളം സംഭരിച്ചുവയ്ക്കും. ഇടവപ്പാതിക്കു തൊട്ടു മുൻപ് തെങ്ങിനു ചുറ്റും അര മീറ്റർ വീതിയിലും താഴ്ചയിലും ചാലുകൾ കീറി മൂന്നോ നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിയും മുകളിലെ അടുക്ക് കമഴ്ത്തിയും വയ്ക്കുക. അഞ്ചു മുതൽ ഏഴു വർഷം വരെ ഇതിന്റെ പ്രയോജനം നിലനിൽക്കും.

തെങ്ങിനു തടമെടുക്കൽ: തെങ്ങിനു ചുറ്റും തടമെടുത്താൽ തടത്തിൽ വീഴുന്ന ജലമത്രയും മണ്ണിൽ താഴും. കാലവർഷാരംഭത്തിൽ തടമെടുക്കണം. അതിൽ ചപ്പുചവറുകളും മറ്റു വളങ്ങളും ചേർക്കാം. തുലാവർഷം കഴിയുന്ന ഉടൻതന്നെ തടങ്ങൾ വെട്ടി മൂടണം. വേനൽക്കാലത്ത് ഈ തടങ്ങളിൽ തെങ്ങോലകളും മറ്റു ചപ്പുചവറുകളും പുതയായി ഉപയോഗിച്ചു ബാഷ്പീകരണം ത‍ടയുകയും വേണം.

കാവുകളുടെ സംരക്ഷണം: കാവുകളോടു ചേർന്നുള്ള കുളങ്ങൾ മികച്ച ജലസ്രോതസുകളായതിനാൽ കാവുള്ള സ്ഥലങ്ങളിൽ ലഭിക്കുന്ന ജലം ചാലുകീറി ഈ കുളങ്ങളിലേക്കു തിരിച്ചുവിടുക, വരമ്പു വയ്ക്കുക. നേരിയ ചെരിവുള്ള തെങ്ങിൻതോപ്പിൽ വരമ്പു വച്ച് ഓരോ തെങ്ങിനും ചെറിയ ചെറിയ വരമ്പുകള്‍ കൂടി ഒരുക്കിയാല്‍ അവിടെ പെയ്യുന്ന മഴവെള്ളം മുഴുവൻ തടത്തിലേക്കൊഴുകിക്കൊള്ളും. ജൈവ പുതയിടലും കൂടിയായാൽ ഏറെ പ്രയോജനപ്പെടും.

ജലവിനിയോഗത്തിനു പെരുമാറ്റച്ചട്ടം

കുടിവെള്ളം പറമ്പു നനയ്ക്കാനും വാഹനങ്ങൾ കഴുകാനും ഉപയോഗിക്കാതിരിക്കുക, വീടുകളിലെ ടാങ്ക് നിറഞ്ഞു കവിഞ്ഞൊഴുകാതിരിക്കാൻ ഫ്ളോട്ട് വാൽവ് ഘടിപ്പിക്കുക. അടുക്കളയിൽ കൈവിട്ടാൽ താനേ അടയുന്ന ടാപ്പുകൾ ഉപയോഗിക്കുക. കൂടുതൽ വെള്ളം ആവശ്യമില്ലെങ്കിൽ ടാപ്പ് മുഴുവനായും തുറക്കാതിരിക്കുക. പാത്രങ്ങൾ, തുണികൾ തുടങ്ങിയവ കഴുകുമ്പോഴും കുളിക്കുമ്പോഴും പല്ലു തേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴുമെല്ലാം മുഴുവൻ നേരവും ടാപ്പ് തുറന്നിട്ടു വെള്ളം പാഴാക്കാതിരിക്കുക. ആവശ്യത്തിനു മാത്രം ടാപ്പ് തുറക്കുകയോ പാത്രത്തിൽ വെള്ളം ശേഖരിച്ച് ഉപയോഗിക്കുകയോ ചെയ്യുക. ഒരിക്കൽ ഉപയോഗിച്ച വെള്ളം മറ്റാവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കുക. ഉപയോഗശൂന്യമായ ജലം ഓടയിൽ ഒഴുക്കി കളയാതെ മണ്ണിൽ താഴ്ന്നിറങ്ങാൻ അനുവദിക്കുക. വീടിന്റെ മുറ്റവും പരിസരവും വെള്ളം ഇറങ്ങാത്ത വിധം കോൺക്രീറ്റ് ചെയ്യാതിരിക്കുക.