കര്‍ഷകന്റെ നട്ടെല്ലൊടിച്ച് വില താഴോട്ട്; വാഴകൃഷി പ്രതിസന്ധിയില്‍

കാഞ്ഞിരപ്പള്ളി: വാഴക്കുലയുടെ വിലയിടിവ് വാഴക്കൃഷിയെ പ്രതിന്ധിയിലാക്കുന്നു. റബ്ബര്‍ ഉള്‍െപ്പടെയുള്ള നാണ്യവിളകളുടെ വിലയിടിവാണ് വാഴക്കൃഷിയിലേയ്ക്ക് നീങ്ങാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വാഴക്കുലയുടെ വിലയും കുത്തനെ ഇടിയുന്നതാണ് കര്‍ഷകരെ വലയ്ക്കുന്നത്. മുടക്കുമുതലു പോലും കിട്ടാതെ വന്നതോടെ ബാങ്ക് വായ്പയെടുത്ത് കൃഷി തുടങ്ങിയവര്‍ തിരിച്ചടവിന് ബുദ്ധിമുട്ടുകയാണ്.

കിലോയ്ക്ക് ഏഴുരൂപയോളം ഉല്‍പ്പാദനച്ചെലവ് വരുന്ന റോബസ്റ്റക്കുലയ്ക്ക് നിലവില്‍ മൂന്ന് രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വാഴ വിത്തിനു 10 രൂപ മുടക്കുമുതലുണ്ട്. അനുബന്ധ ചെലവുകളും. വളത്തിനും മുടക്ക് വേറെ. അനുകൂല കാലാവസ്ഥയില്‍ ഇത്രയും മുടക്കിയാല്‍ റോബസ്റ്റ കുല ശരാശരി 20 കിലോ തൂക്കം വരും. ഇപ്പോഴത്തെ വിപണി വില അനുസരിച്ച് നോക്കിയാല്‍ 60 രൂപയാണ് കിട്ടുന്നത്. വാഴക്കൃഷി മുന്നോട്ടു കൊണ്ടു പോവാനാവില്ലെന്ന അവസ്ഥയിലാണ് കര്‍ഷകര്‍.

എന്നാല്‍ ചില്ലറ വില്പന ഇപ്പോഴും 15-20 രൂപയാണ്. മുമ്പ് റോബസ്റ്റ കുലകള്‍ക്ക് കിലോക്ക് 12 രൂപ വരെ മൊത്തവില കിട്ടിയിരുന്നു. വിലയിടിവിനെ തുടര്‍ന്ന് റോബസ്റ്റ കുലകള്‍ കര്‍ഷകര്‍ തോട്ടങ്ങളില്‍ ഉപേക്ഷിക്കുകയാണ്.
പാളയംകോടന്‍ വാഴക്കുലയ്ക്ക് കഴിഞ്ഞയാഴ്ച ലഭിച്ചത് കിലോയ്ക്ക് രണ്ടു രൂപയാണ്. പഴത്തിന് കടകളില്‍ 20 രൂപ വരെ വില നല്‍കണം. ഇപ്പോള്‍ ഭേദപ്പെട്ട വില കിട്ടുന്നത് ഏത്തയ്ക്കായ്ക്ക് മാത്രമാണ്. ശരാശരി 35 രൂപ മുതല്‍ 40 രൂപ വരെ വിപണി വിലയുണ്ട്. എന്നാല്‍,ഈ വില പോലും ലാഭകരമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷിക മേഖലയില്‍ ജോലി നോക്കുന്ന തൊഴിലാളിക്ക് 600 രൂപ മുതല്‍ 800 രൂപ വരെ കൂലി നല്‍കണം. പാകമായ വാഴക്കുല വിപണിയിലെത്തിച്ചാല്‍ ചുമട്ടുകൂലി പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.