കലാം സ്മൃതിച്ചിറകിൽ അഷ്കർ റിപ്പബ്ലിക്ദിന പരേഡിന്

തിടനാട്∙ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സെക്രട്ടറിയും പ്ലസ് വൺ വിദ്യാർഥിയുമായ അഷ്കർ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.

1000 വിങ്സ് ഓഫ് ഫയർ എന്ന പേരിൽ നടത്തിയ എ.പി.ജെ അബ്ദുൽകലാം സ്മൃതി യാത്രയുടെയും ഹോം ലൈബ്രറികളുടെയും മികച്ച പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് അഷ്കറിന് യാത്രാ അനുമതി ലഭിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വീടുകളിൽ തുടക്കം കുറിച്ച ഹോം ലൈബ്രറികൾ‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വിദ്യാർഥികൾ തന്നെ വീടുകൾ കയറി ശേഖരിച്ച പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. സ്കൂളിന്റെ സമീപ വീടുകളിൽ വിദ്യാർഥികൾ നിർമിച്ചു നൽകിയ അടുക്കള തോട്ടങ്ങൾ, സ്കൂൾ‍ മുറ്റത്ത് വിളയിച്ചെടുത്ത ശീതകാല പച്ചക്കറികൾ, വിവിധ ആരോഗ്യ ഊർജ സംരക്ഷണ ഊർജ ബോധവൽക്കരണ പരിപാടികൾ, എന്നിവയും എൻഎസ്എസിന്റെ പ്രധാന പ്രവർത്തനങ്ങളായിരുന്നു.

ഇന്നലെ എറണാകുളത്തു നിന്നും മറ്റ് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളോടൊപ്പം അഷ്കർ ഡൽഹിക്ക് പുറപ്പെട്ടു.