കല്ലിടീലിൽ നിലച്ച് ചിറക്കടവ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്

പൊൻകുന്നം ∙ ‘ സിവിൽ സ്‌റ്റേഷന്റെ ഗതി തന്നെയോ ഇതിനും’. 5 മാസം മുൻപ് മന്ത്രിയെത്തി നിർമാണോദ്ഘാടനം നിർവഹിച്ച ചിറക്കടവ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനെക്കുറിച്ചാണ് നാട്ടുകാരുടെ ആശങ്ക. ഉദ്ഘാടനം കഴിഞ്ഞ് ഓഫിസുകൾ എത്തിയിട്ടും പൊൻകുന്നം സിവിൽ സ്റ്റേഷൻ നേരാംവണ്ണം പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഏറെ കടമ്പകൾ കടന്നെത്തി ഘടിപ്പിച്ച ലിഫ്റ്റ് ഇതേവരെ പ്രവർത്തനക്ഷമം ആയിട്ടില്ല. ഇതിനിടെയാണ് ചിറക്കടവ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പണി കല്ലിടീലിൽ നിലച്ചിരിക്കുന്നത്.

പൊൻകുന്നം ടൗണിൽ ദേശീയപാതയോരത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചു മാറ്റിയ ശേഷം നടന്ന മണ്ണെടുപ്പ് ഏറെ വിവാദമായിരുന്നു. 25900 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സമുച്ചയമാണ് നിർമിക്കുന്നത്. 52 മുറികളും 3 നിലകളിൽ ഹാളും വിശാലമായ പാർക്കിങ് സ്ഥലവും പുതിയ സമുച്ചയത്തിൽ രൂപകൽപന ചെയ്തിട്ടുണ്ട്. താഴത്തെ നില 748.8 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒന്നാം നില 777.56 ചതുരശ്ര മീറ്ററിലും 2-ാം നില 863.35 ചതുരശ്ര മീറ്ററിലുമാണ് നിർമിക്കുന്നത്.