കളകൾ നിറഞ്ഞ് കാർഷിക വിളകൾ

‌പൊൻകുന്നം ∙ കാർഷികവിളകളെക്കാൾ വേഗത്തിൽ വളരുന്ന കളകൾ ഏറുന്നു. കളയെടുക്കാൻ ആളുകളെ കിട്ടാനില്ലാത്തതിനാൽ കിഴക്കൻമേഖലയിലെ കാർഷികമേഖലയിൽ പ്രതിസന്ധിയേറുന്നു. വൻതോതിൽ പണം മുടക്കി ചെയ്യുന്ന കൃഷിയെ മൂടി കളകളുടെ വളർച്ച മഴക്കാലത്ത് ഏറിയതോടെ ചെറുകിട കർഷകരാണു പ്രതിസന്ധിയിലായത്. കളകൾ ഒരുതവണ നിക്കം ചെയ്താൽ മഴ തുടരുന്നതിനാൽ ഇരട്ടിശക്തിയിലാണു വളർന്നുകയറുന്നതെന്നു കർഷകർ പറയുന്നു. വിളകളെ മൂടി വളർച്ച മുരടിപ്പിക്കുന്ന വള്ളിച്ചെടികളായ കളകൾ മരങ്ങളുടെ ഉയരത്തിൽപോലും വളർന്നുപന്തലിച്ചു മലയോരമേഖലയിലെ കാർഷികമേഖലയെ മുരടിപ്പിക്കുകയാണ്.

ഇത്തരത്തിലുള്ള കളകൾ കളയന്ത്രം കൊണ്ടു നീക്കംചെയ്യാനാവില്ല. ഭക്ഷ്യയോഗ്യമായ സാധനങ്ങളായതിനാൽ കളനാശികൾ ഉപയോഗിക്കാനും കഴിയുന്നില്ലെന്നു കർഷകർ പറയുന്നു. സ്വാഭാവിക ജൈവവ്യവസ്ഥയെ താളംതെറ്റിക്കുന്ന ഇത്തരം കളകൾ വിളവു ഗണ്യമായി കുറയ്ക്കുമെന്ന ആശങ്കയിലാണു കർഷകർ. ആനത്തൊട്ടാവാടി, കമ്യൂണിസ്റ്റ് പച്ച, ധൃതരാഷ്ട്രപ്പച്ച, മൂടില്ലാത്താളി, മഞ്ഞവയർവള്ളി തുടങ്ങിയ ഇനം സസ്യങ്ങളാണു കാർഷികമേഖലയ്ക്കു ഭീഷണിയായിരിക്കുന്നത്. മണ്ണിലെ വളം മുഴുവൻ ഇത്തരം സസ്യങ്ങൾ വലിച്ചെടുത്തു കാർഷികവിളകളെ ശോഷിപ്പിക്കുകയാണ്.

മാത്രമല്ല വിളസസ്യങ്ങൾക്കു വെള്ളവും വെളിച്ചവും കിട്ടാതെ പ്രകാശസംശ്ലേഷണംപോലും നിഷേധിക്കപ്പെടുന്നതോടെ ഉൽപാദനം കുറയും. ചില പ്രത്യേകതരം ഷട്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരായി മാറുകയും ചെയ്യുന്നതോടെ ദീർഘകാല നാശം വിതക്കുകയാണിത്തരം കളകൾ. കളനാശിനിപ്രയോഗം ഇവയെ നശിപ്പിക്കാൻ ഫലപ്രദമല്ലെന്ന് അനുഭവസ്ഥർ പറയുന്നു. വിത്തുകൾ മൂന്നുവർഷം വരെ മണ്ണിൽ കിടക്കുന്നതിനാൽ പിന്നെയും ഇവ മുളച്ചു പൊന്തും. മൂടോടെ പറിച്ചുകൂട്ടി തീയിട്ടു നശിപ്പിക്കുക മാത്രമാണു പോംവഴി.