കളഞ്ഞുകിട്ടിയ ഒന്നേകാൽ ലക്ഷം ഉടമയ്ക്കു കൈമാറി ആരിഫ്
എരുമേലി : എരുമേലിയിൽ വഴിയിൽ നിന്നു കളഞ്ഞുകിട്ടിയ ഒന്നേകാൽ ലക്ഷത്തിന്റെ നോട്ടുകെട്ടുകളിൽ തെക്കേക്കര സ്വദേശി ആരിഫിന്റെ മനസ്സ് ഭ്രമിച്ചില്ല. നേരും നന്മയുമുള്ള മനസ്സ് ആ നോട്ടുകളിൽ കണ്ടത് പണം നഷ്‌ടപ്പെട്ടയാളുടെ ദയനീയമുഖം മാത്രമായിരുന്നു. ഉടനെ തന്നെ പണം എരുമേലി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ഉപജീവന മാർഗമായ ജാതിക്കക്കച്ചവടത്തിൽ ആരിഫ് മുഴുകി .

ഇതിനിടെ ഇല്ലായ്മകളുടെ ദുരിതങ്ങൾക്കിടയിലും പണം നഷ്‌ടപ്പെട്ടതിന്റെ വേദനയിൽ കഴിഞ്ഞ് എരുമേലി സ്വദേശി‌ കുഞ്ഞുമോനെയും ഭാര്യയെയും തേടി പൊലീസിന്റെ വിളിയെത്തി. സ്റ്റേഷനിൽ എത്തിയ കുഞ്ഞുമോന്റെയും ഭാര്യയുടെയും കയ്യിലേക്ക് ആരിഫ് പണം നൽകുമ്പോൾ ഇരുവരുടെയും മുഖത്തു തെളിഞ്ഞത് ആശ്വാസത്തിന്റെ വെള്ളിവെളിച്ചമായിരുന്നെന്ന് ആരിഫ് പറയുന്നു..

ലോട്ടറി വിൽപനക്കാരായ എരുമേലി കൊച്ചുപറമ്പ് കുഞ്ഞുമോനും ഭാര്യയും തിങ്കളാഴ്ച രാവിലെ ഓട്ടോറിക്ഷയിൽ കാഞ്ഞിരപ്പള്ളിയിലേക്കു പോയ വഴി ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷത്തോളം രൂപ ബാഗ് അടക്കം നഷ്ടപ്പെടുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞാണു ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഓട്ടോയിൽ തിരികെ വന്നു വഴിയിലെല്ലാം നോക്കിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. തുടർന്നു കാഞ്ഞിരപ്പള്ളി പൊലീസിലെത്തി പരാതി നൽകി. 

ഇതിനിടെയാണു തെക്കേക്കര തൈത്തോട്ടം ആരിഫ് ഹസൻ ജാതിക്ക–ആക്രി വ്യാപാരവുമായി ഓട്ടോറിക്ഷയിൽ റാന്നിയിലേക്കു പോകാൻ ഈ വഴി വന്നത്. കുറുവാമൂഴിയിൽ റോഡിൽ കിടക്കുന്ന ബാഗ് കണ്ടു. ബാഗ് തുറന്നപ്പോൾ ഒരു ലക്ഷത്തിലേറെ പണം. ആരിഫ് എരുമേലി പൊലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.മധു, എഎസ്ഐ ബ്രഹ്മദാസ്, സിപിഒ സിനോ തങ്കപ്പൻ എന്നിവരുടെ പക്കൽ പണം കൈമാറിയ ശേഷം പണം ഏൽപിച്ചതിന്റെ രസീത് വാങ്ങി മടങ്ങി. പിന്നീട് ആരിഫിനെ സ്റ്റേഷനിലേക്കു ക്ഷണിച്ചു വരുത്തി. ആരിഫ് തന്നെ തുക കൈമാറുകയായിരുന്നു.