കള്ളന്മാർ മൂലം മുക്കൂട്ടുതറ കണമല ഭാഗത്ത് കുടുംബ കലഹം ..രാത്രിയില്‍ മൊബൈല്‍ ഫോണില്‍ സല്ലപിച്ചവരെ പോലീസ് താക്കീതു ചെയ്തു

1
രാത്രിയില്‍ മൊബൈല്‍ ഫോണില്‍ സല്ലപിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കള്ളന്മാര്‍ പാരകളായേക്കാം.

കഴിഞ്ഞ ദിവസം മുക്കൂട്ടുതറ കണമല ഭാഗത്ത് പാതിരാത്രിയില്‍ ഫോണില്‍ സല്ലപിച്ചവരാണ് പൊല്ലാ പ്പിലായത്.

ഇവര്‍ക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ എന്നാണ് പോലീസുകാര്‍ ചോദിക്കുന്നത്. കാരണം ഈയിടെ കണമല ഭാഗത്ത് നടന്ന ബാങ്ക് കവര്‍ച്ചാ ശ്രമത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായായി അര്‍ദ്ധരാത്രി ഫോണ്‍ ചെയ്യുന്നവരുടെ ലിസ്റ്റ് പരിശോധിച്ച പോലിസ് ഉദ്യോഗസ്ഥര്‍ ആണ് ലിസ്റ്റിലെ ആളുകളെ കണ്ടു ഞെട്ടിയത്. മൂത്ത് നെരച്ച് പല്ല് പോയവരും സമൂഹത്തിലെ ഉന്നതന്മാരും ഉള്‍പ്പടെ വന്‍ പുലികള്‍ ആണത്രേ ഈ ലിസ്റ്റില്‍ ഉള്ളത്. ഇതൊക്കെ പുറത്തറിഞ്ഞാല്‍ ഇവരുടെയൊക്കെ കുടുംബം കുട്ടിച്ചോറാകും എന്നത് കൊണ്ടാണ് പോലിസ് ഈ ലിസ്റ്റ് പുറത്തു വിടാത്തത്.

ലിസ്റ്റ് പരിശോധിച്ച പോലിസ് ഉദ്യോഗസ്ഥര്‍ ഇവര്‍ ചോദ്യം ചെയ്തപ്പോള്‍ ആണ് പ്രായഭേദമന്യേ, സമൂഹത്തിന്റെ മേലേ തട്ടിലുള്ള മാന്യന്‍മാരുടെ വരെ രാത്രികാല സല്ലാപത്തിന്റെ കഥയറിഞ്ഞത്.

ഫോണ്‍ വിളി കൂടാതെ ഈ സമയത്ത് അയക്കുന്ന എസ് എം എസ്സുകളും പോലിസ് പരിശോധിച്ചത്രെ. സ്വന്തം ഇണ സമീപത്ത് കിടന്നുറങ്ങുമ്പോള്‍ ആണ് ഇവരുടെ മെസേജ് അയക്കല്‍ കലാപരിപാടികള്‍ എന്നത് പോലീസുകാരെ അത്ഭുതപ്പെടുത്തി. ഭര്‍ത്താക്കന്മാര്‍ സമീപത്തില്ലാത്ത നിരവധിപേരും ദീര്‍ഘമേറിയ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തുന്നതായി തെളിഞ്ഞു. എസ് എം എസ്സ് വായിച്ചാല്‍ പിന്നെ രണ്ടു ദിവസത്തേക്ക് ഉറക്കം വരില്ലെന്നാണ് പോലീസുകാര്‍ സ്വകാര്യം പറയുന്നത്.

കവര്‍ച്ച നടന്ന രണ്ടു മണി സമയത്തെ കവര്‍ച്ച നടന്ന സ്ഥലത്തിന് അടുത്തുള്ള ടവറിലെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ കള്ളനെ പിടിക്കാം എന്നതായിരുന്നു പോലീസിന്റെ ചിന്ത. എന്നാല്‍ ഇപ്പോള്‍ പിടിയില്‍ വീണിരിക്കുന്നത് ഒരു കള്ളനല്ല, ഒന്നൊന്നര കള്ളന്മാര്‍ ആണെന്നാണ്. പലരും സ്വന്തം വീട്ടിലെ കള്ളന്മാര്‍ ആണെന്ന് മാത്രം.

തങ്ങളുടെ കള്ളക്കളികള്‍ പോലിസ് അറിഞ്ഞതോടെ പലരും കാലുപിടിച്ചാണ് രക്ഷപ്പെട്ടത്. ജീവിതത്തില്‍ ഇനി തങ്ങളുടെ ഭാര്യയെയോ ഭര്‍ത്താവിനെയോ പറ്റിക്കില്ലെന്നു പറഞ്ഞാണ് പലരും രക്ഷപ്പെട്ടത്. വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികള്‍ ആണെങ്കില്‍ മാതാപിതാക്കളോട് പറയരുതേ എന്നാണ് പോലീസിന്റെ കാലു പിടിച്ചു പറഞ്ഞത്.

എന്തായാലും സ്വന്തം ഭാര്യയെയും മക്കളെയും ഇട്ടു ദീര്‍ഘകാലം ദുബായിലും മറ്റും പോയി കഴിയുന്നവര്‍ക്ക് ഒരു പാഠമാണ് ഈ സംഭവം.