കാഞ്ഞിരപ്പള്ളിയിലെ ഊരാക്കുടുക്ക്

കാഞ്ഞിരപ്പള്ളി ∙ ശബരിമല തീർഥാടന കാലം തുടങ്ങിയിട്ടും ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരമില്ല. പഞ്ചായത്ത് ട്രാഫിക് കമ്മിറ്റി ചേർന്നെടുത്ത പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ 2 മാസമായിട്ടും നടപ്പിലാക്കിയിട്ടില്ല. ടൗണിൽ മുൻപ് ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കാരം അശാസ്ത്രീയമായതാണു ഗതാഗതം ദുരിതമാക്കുന്നത്. പ്രധാന ജംക്‌ഷനായ പേട്ടക്കവലയിൽ 2 മാസം മുൻപു സ്ഥാപിച്ച ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം നിലവിൽ വന്നിട്ടും ഗതാഗത നിയന്ത്രണം സുഗമമാകാതെ വന്നതോടെ ഇതിന്റെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്.

തുടർന്നാണ് ട്രാഫിക് കമ്മിറ്റി ചേർന്ന് തീരുമാനമെടുത്ത് അനുമതിക്കായി മോട്ടർവാഹന വകുപ്പിനു സമർപ്പിച്ചത്. പേട്ടക്കവലയിൽ സിഗ്നൽ ലൈറ്റും ബസ് സ്റ്റോപ്പുകളും അടുത്തടുത്തു വന്നതാണു പ്രശ്നമെങ്കിൽ ബസ് സ്റ്റാൻഡ് ജംക്‌ഷനിലും കുരിശുങ്കലിലും അനധികൃത പാർക്കിങ്ങും ഓട്ടോ– ടാക്സി സ്റ്റാൻഡുകളുമാണു ഗതാഗത കുരുക്കിനു കാരണമാകുന്നത്. കഴിഞ്ഞ മണ്ഡല കാലത്തു പാതയോരങ്ങളിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ പൊലീസ് ഇടപെട്ടു പേട്ടക്കവലയിൽ താൽക്കാലിക പേ ആൻഡ് പാർക്ക് സൗകര്യം ഒരുക്കിയിരുന്നു.

നിലവിൽ കുരിശുങ്കൽ ജംക്‌ഷനിലും എസ്ബിടിക്കു സമീപവും പേ ആൻഡ് പാർക്ക് സംവിധാനമുണ്ടെങ്കിലും പലരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു വഴിയരികിലാണ്. പേട്ടക്കവലയിൽ മണ്ഡല കാലത്തു കഴിഞ്ഞ വർഷമൊരുക്കിയ സ്ഥലം ഇത്തവണയും താൽക്കാലിക പേ ആൻഡ് പാർക്കിങ്ങിനു സജ്ജീകരിച്ചാൽ പേട്ടക്കവലയിലെ അനധികൃത പാർക്കിങ് ഒഴിവാക്കാം. കാഞ്ഞിരപ്പള്ളി – കാഞ്ഞിരംകവല റോഡ് നിർമാണത്തിന്റെ ഭാഗമായി ജംക്‌ഷൻ വികസിപ്പിച്ചിട്ടും റോഡരുകിലെ ഓട്ടോ–ടാക്സി സ്റ്റാൻഡുകൾ പുനഃക്രമീകരിക്കാത്തതും ഗതാഗത കുരുക്കിനു കാരണമാകുന്നു.

പേട്ട ജംക്‌ഷനിലെ പടിഞ്ഞാറു ഭാഗത്തേയ്ക്കുള്ള ബസുകളുടെ സ്റ്റോപ് കാൾടെക്സ് പെട്രോൾ പമ്പിന് എതിർവശത്തു കെഎസ്എഫ്ഇ ശാഖയ്ക്കു മുന്നിലേക്ക് മാറ്റാനും കിഴക്കോട്ടുള്ള ബസുകൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും 25 മീറ്റർ മുന്നോട്ടു മാറ്റി നിർത്താനും നടപടികൾ സ്വീകരിക്കാൻ ട്രാഫിക് കമ്മിറ്റിയിൽ തീരുമാനിച്ചിരുന്നു. ടൗണിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും പഞ്ചായത്തും ദേശീയപാത വിഭാഗവും ചേർന്നു നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.