കാഞ്ഞിരപ്പള്ളിയിലെ മാലിന്യം:വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന

കാഞ്ഞിരപ്പള്ളി: വേനല്‍ മഴയെത്തുടര്‍ന്ന് മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ചീഞ്ഞുനാറി പകര്‍ച്ചവ്യാധികള്‍ പടരുമോയെന്ന ആശങ്ക മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി. ഇന്നലെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. സജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹോട്ടല്‍ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 12 കടകളിലാണ് ഇന്നലെ പരിശോധന നടത്തിയത്.

പൂതക്കുഴി ഭാഗത്ത് അറവുമാടുകളെ കെട്ടുന്ന സ്ഥലത്തുനിന്നുള്ള മലിനജലം ചെക്കുഡാമിലേക്ക് ഒഴുകിയെത്തുന്നത് പരിശോധനാ സംഘം കണെ്ടത്തി. ഇതിനെതിരേ നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ചിറ്റാര്‍ പുഴയിലേക്കും കൈത്തോടുകളിലേക്കും പൊതു സ്ഥലങ്ങളിലേക്കും മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരേ പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും പൊതു സ്ഥലങ്ങളിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആഴ്ചകളായി കാഞ്ഞിരപ്പള്ളിയില്‍ മാലിന്യനീക്കം തടസപ്പെട്ടിരിക്കുകയാണ്. പഞ്ചായത്തില്‍ ലൈസന്‍സുള്ള വ്യാപാരസ്ഥാപനങ്ങള്‍ സ്വന്തമായ നിലയില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യണമെന്നാണ് പഞ്ചായത്തിന്റെ നിര്‍ദേശം. എന്നാല്‍, പലയിടങ്ങളിലും ഇത് ഫലവത്താകുന്നില്ല. മിക്ക സ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്.

അനധികൃത അറവുശാലകളും മാലിന്യപ്രശ്‌നത്തിനു കാരണമാകുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പല സ്ഥലങ്ങളിലും അറവുമാടുകളെ കശാപ്പുചെയ്യുന്നുണ്ട്. പഞ്ചായത്തിന് സ്വന്തമായി സ്ലോട്ടര്‍ ഹൗസ് ഇല്ലാത്തതിനാലാണ് അനധികൃത കശാപ്പുശാലകള്‍ വ്യാപകമാകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പെയ്ത മഴ മൂലം കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞുനാറിത്തുടങ്ങി. അഴുകിയ മാലിന്യങ്ങളില്‍നിന്നു പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.