കാഞ്ഞിരപ്പള്ളിയിലെ വികസന പ്രതിസന്ധി കാരണം ഗ്രാമപഞ്ചായത്ത് പ്രശ്നങ്ങൾ : ഡോ. എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി ∙ പൊതു ആവശ്യങ്ങൾക്കു സ്ഥലം ഏറ്റെടുത്തു നൽകാൻ ഗ്രാമപഞ്ചായത്ത് തയാറാകാത്തതാണ് കാഞ്ഞിരപ്പള്ളിയിലെ വികസന പ്രതിസന്ധിക്കു കാരണമെന്നു ഡോ. എൻ.ജയരാജ് എംഎൽഎ ആരോപിച്ചു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐഎച്ച്ആർഡി കോളജിനും ഫയർ‌ സ്റ്റേഷനും കെട്ടിടങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നൽകണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്തിന് ഉടൻ കത്തു നൽകുമെന്നും എംഎൽഎ അറിയിച്ചു.

സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാൻ കഴിയും. ഇപ്പോൾ ശുദ്ധജലം സുലഭമായ പ്രദേശങ്ങളിൽപോലും വരുംകാലങ്ങളിൽ ജലക്ഷാമത്തിനു സാധ്യതയേറെയാണ്. ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാവണമെങ്കിൽ ഇപ്പോഴുള്ള ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ പറഞ്ഞു. ഇവയുടെ സംരക്ഷണത്തിനായി ത്രിതല പഞ്ചായത്ത് അംഗങ്ങളും എംപിമാരും എംഎൽഎമാരും നേതൃത്വം നൽകി പൊതുജനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പാക്കണം.

ഇതിനുള്ള ശ്രമമാണു തന്റെ അജൻഡയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കരിമ്പുകയം ജലപദ്ധതിയുടെ ഭാഗമായുള്ള ചെക്ഡാം നിർമാണം അടുത്ത മാസം പൂർത്തിയാകും. ഇതോടെ കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും വെള്ളം എത്തിക്കാൻ കഴിയും. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കു തിരിച്ചറിയാൻ കഴിഞ്ഞതാണു തന്റെ വിജയത്തിന്റെ കാരണമെന്നും ജയരാജ് എംഎൽഎ പറഞ്ഞു.