കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക് പൊലീസ് യൂണിറ്റ് ആരംഭിക്കണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ ട്രാഫിക് പോലീസ് യൂണിറ്റ് ഫയലിലൊതുങ്ങുന്നു. കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ടൗണുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായിട്ടായിരുന്നു ട്രാഫിക് യൂണിറ്റ് അനുവദിച്ചത്. എന്നാല്‍, അനുവദിച്ച ട്രാഫിക് പോലീസ് യൂണിറ്റ് പദ്ധതി അനിശ്ചിതത്വത്തിലാണ്.

ദിനംപ്രതി വര്‍ധിച്ചു വരുന്ന വാഹനകുരുക്കും ശബരിമല തീര്‍ഥാടകര്‍ കടന്നുപോകുന്ന ടൗണുകളില്‍ പ്രധാനം എന്നതും കണക്കിലെടുത്താണ് പ്രദേശത്ത് ട്രാഫിക് യൂണിറ്റ് അനുവദിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.

പൊന്‍കുന്നം കേന്ദ്രമാക്കി ആരംഭിക്കാനുദ്ദേശിക്കുന്ന പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കെട്ടിടത്തിന്റെ ലഭ്യത സംബന്ധിച്ച് ആഭ്യന്തര വകുപ്പില്‍ നിന്നെത്തിയ കത്ത് മാത്രമാണ് ട്രാഫിക് യൂണിറ്റ് പദ്ധതിയില്‍ ഇതുവരെയുണ്ടായ നടപടി.

ട്രാഫിക് എസ്‌ഐ അടക്കം 30 പൊലീസുകാര്‍ ഉള്‍പ്പെടുന്ന യൂണിറ്റ് പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കീഴില്‍ പ്രത്യേക ഡിവിഷനായി പ്രവര്‍ത്തിപ്പിക്കുവാനായിരുന്നു ലക്ഷ്യം. സ്വന്തമായി വാഹനവും വയര്‍ലസ് സംവിധാനങ്ങളും അടങ്ങുന്ന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഗതാഗത നിയന്ത്രണത്തിന് സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുള്ള പൊലീസിനെ ഉപയോഗിക്കുന്ന നിലവിലെ രീതിക്ക് പകരം ട്രാഫിക് വിഭാഗത്തില്‍ നിന്നുള്ള പൊലീസുകാര്‍ നിരത്തുകളുടെ നിയന്ത്രണം ഏറ്റെടുക്കും. ശബരിമല തീര്‍ഥാടന കാലത്ത് സ്ഥിരം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കെവിഎംഎസ് ജംഗ്ഷന്‍, എരുമേലി ഹൈവേ ആരംഭിക്കുന്ന ദേശീയ പാതയിലെ 26ാം മൈല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ സേവനം നല്‍കുന്നതിനും ട്രാഫിക് യൂണിറ്റിന്റെ സാന്നിധ്യത്തിന് കഴിയുമായിരുന്നു.