കാഞ്ഞിരപ്പള്ളിയില്‍ മഞ്ഞപ്പിത്തം പടരുന്നു

കാഞ്ഞിരപ്പള്ളി: പകര്‍ച്ചവ്യാധിക്കള്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനിടയിലും കാഞ്ഞിരപ്പള്ളി താലൂക്കില്‍ മഞ്ഞപ്പിത്തവും, ഡെങ്കിപനിയും പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളി, തമ്പലക്കാട്‌ സ്വദേശികളായ രണ്ടു പേര്‍ മരിച്ചത്‌ മഞ്ഞപ്പിത്തം ബാധിച്ചെന്ന്‌ സൂചന.

പനി ബാധിച്ച്‌ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാഞ്ഞിരപ്പളളി കുരിശുങ്കലിനു സമീപം താമസിക്കുന്ന അന്‍പത്തിരണ്ടുകാരനായ ചുമട്ടുതൊഴിലാളിയും തമ്പലക്കാട്‌ ഭാഗത്ത്‌ താമസിച്ചിരുന്ന അന്‍പതുകാരനുമാണ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്‌.

എന്നാല്‍ ആരോഗ്യ വകുപ്പ്‌ ഇക്കാര്യം സ്‌ഥിതീകരിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 21 ാം വാര്‍ഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക്‌ മഞ്ഞപ്പിത്തം പിടിപ്പെട്ടിരുന്നു. ഒരേ കിണറില്‍ നിന്നും വെള്ളം ഉപയോഗിച്ചവര്‍ക്കാണ്‌ മഞ്ഞപ്പിത്തം ബാധിച്ചത്‌.

ഇവിടെയുള്ള രണ്ട്‌ പേര്‍ ഡെങ്കിപനി ബാധിച്ച്‌ ചികിത്സ തേടിയിരുന്നു. മഞ്ഞപിത്തം പിടിപ്പെട്ട്‌ പത്തിലധികം പേര്‍ ചികിത്സ തേടിയെത്തിയെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ കണക്ക്‌. എന്നാല്‍ സ്വകാര്യ ആശുപത്രികളിലും നാട്ടുവൈദ്യ രംഗത്തും ചികിത്സ തേടുന്നവര്‍ നിരവധിയാണ്‌.

കാഞ്ഞിരപ്പള്ളി മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തിയിരുന്നു. മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന്‌ ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ്‌ നടത്തുന്നത്‌.

കൊതുകുകള്‍ മുട്ടയിട്ട്‌ പെരുകുന്നത്‌ നശിപ്പിക്കുകയാണ്‌ പ്രധാന ദൗത്യം. റബര്‍ തോട്ടങ്ങള്‍ കൂടുതലുള്ള പ്രദേശമായതിനാല്‍ റബര്‍ ചിരട്ടകളില്‍ നിറയുന്ന വെള്ളത്തില്‍ നിന്നും കൊതുകുകള്‍ പെരുകുന്നതായി കണ്ടെത്തിയിരുന്നു. റബര്‍ മരത്തില്‍ നിന്നും പൊളിച്ചു കളയുന്ന പ്ലാസ്‌റ്റിക്കില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതും കൊതുകളുടെ പ്രജനനത്തിന്‌ കാരണമായേക്കും. മഴക്കാലമായാല്‍ ഇത്‌ വര്‍ധിക്കും.

മഴ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളില്‍ ലഭിക്കാതിരുന്നതിനാല്‍ വീടുകളിലും പരിസരങ്ങളിലും മലിനജലം കെട്ടികിടക്കാന്‍ സാധ്യതയേറെയാണ്‌. ഇത്‌ പകര്‍ച്ചവ്യാധികള്‍ക്ക്‌ കാരണമാകും. പൊതുസ്‌ഥലങ്ങളില്‍ മാലിന്യ നിക്ഷേപം ഒഴിവാക്കുകയും മലിനജലം കെട്ടികിടന്ന്‌ കൊതുകുകള്‍ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യുകയാണ്‌ പ്രധാന പ്രതിരോധമാര്‍ഗം.