കാഞ്ഞിരപ്പള്ളിയിൽ കാറ്റില്‍ വ്യാപക നാശം

കാഞ്ഞിരപ്പള്ളി: വ്യാഴാഴ്ച വീശിയടിച്ച കാറ്റില്‍ കപ്പാട്, മാഞ്ഞൂക്കുളം, തമ്പലക്കാട് മേഖലകളില്‍ വന്‍ നാശം.നൂറു കണക്കിന് റബ്ബര്‍ മരങ്ങള്‍, ഒട്ടേറെ തേക്ക് ആഞ്ഞിലി മരങ്ങളും കാറ്റത്ത് കടപുഴകിയും ഒടിഞ്ഞും നശിച്ചു. വാഴ, കപ്പ തുടങ്ങി നിരവധി കൃഷികള്‍ക്കും നാശമുണ്ടായി.

മാഞ്ഞുക്കുളം കുരിശുപള്ളിക്ക് സമീപത്തെ മുണ്ടയ്ക്കല്‍ മണിയുടെ വീടിനു മുകളിലേക്ക് റബ്ബര്‍മരം ഒടിഞ്ഞുവീണ് ചിമ്മിനിയും ഷീറ്റും തകര്‍ന്നു. വളയത്തില്‍ തോമാച്ചന്റെ ടാപ്പ് ചെയ്യുന്ന 15 റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകി.പുല്ലാട് ഗോപാലകൃഷ്ണന്റെ പുരയിടത്തിലെ 10 റബ്ബര്‍മരങ്ങളും രണ്ട് തേക്കുമരങ്ങളും നിലംപതിച്ചു. വട്ടോത്ത് സാബു, ഈറ്റത്തോട്ട് തോമാച്ചന്‍ എന്നിവരുടെ പുരയിടത്തിലെ ഒട്ടേറെ റബ്ബര്‍മരങ്ങളും ഒടിഞ്ഞും കടപുഴകിയും വീണു. മരങ്ങള്‍വീണ് മേഖലയിലെ വൈദ്യുതി ലൈനുകളും തൂണുകളും തകര്‍ന്നു. മേഖലയില്‍ വൈദ്യുതിബന്ധം താറുമാറായി.

തമ്പലക്കാട് ഷാപ്പ്കവലയില്‍ റോയി പി.ബാബുവിന്റെ പുരയിടത്തിലെ തേക്ക്മരം 11 കെ.വി. വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം തകരാറിലായി. പുത്തേട്ട് ജഗദീശന്റെ റബ്ബര്‍, തേക്ക്മരങ്ങള്‍,തോട്ടുവായില്‍ രാഘവന്‍നായരുടെ പുരയിടത്തിലെ റബ്ബര്‍മരങ്ങള്‍, പടിഞ്ഞാറേ കോയിപ്പുറം കേരളകുമാറിന്റെ തേക്ക്മരങ്ങള്‍, കോയിപ്പുറത്ത് ഗാപാലകൃഷ്ണന്‍നായരുടെ റബ്ബര്‍, തേക്ക്മരങ്ങള്‍ എന്നിവയും നശിച്ചു. കള്ളിപ്പാറ മേഖലയിലും കാറ്റ് ഒട്ടേറെ നാശം വിതച്ചു.