കാഞ്ഞിരപ്പള്ളിയിൽ പട്ടാപ്പകല്‍ മൂന്നംഗ കുടുംബത്തെ കണ്ണില്‍ വിഷദ്രാവകം ഒഴിച്ചശേഷം വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കാഞ്ഞിരപ്പള്ളി: വാനില്‍ സഞ്ചരിച്ച മൂന്നംഗ കുടുംബത്തെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ ആറംഗ ഗുണ്ടാസംഘം വിഷദ്രാവകം ദേഹത്ത് ഒഴിച്ചശേഷം വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു.
വെട്ടേറ്റ കോസടി ചെരുവില്‍ രാജേഷ്(35), ഭാര്യ അനിത(28) മകന്‍ കാര്‍ത്തിക്(കാശിനാഥ്-8) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. കാര്‍ത്തിക്കിന്റെ തലയ്ക്കും അനിതയുടെ ദേഹമാസകലവും വെട്ടേറ്റു. ശനിയാഴ്ച പകല്‍ 3.10ന് തമ്പലക്കാട് ഷാപ്പിന് സമീപമായിരുന്ന ആക്രമണം.

പാറത്തോട് ചോറ്റി സ്വദേശി ചെരുവുകാലാ ബിനോയിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഓമ്നി വാനില്‍ സഞ്ചരിച്ച കുടുംബത്തെ ക്വാളിസ് ജീപ്പില്‍ പിന്തുടര്‍ന്നാണ് വെട്ടിയത്. സംഘം കുടുംബം സഞ്ചരിച്ച വാന്‍ തടഞ്ഞുനിര്‍ത്തി രാജേഷിന്റെ കണ്ണില്‍ വിഷദ്രാവകം ഒഴിച്ചശേഷം വടിവാളിന് തുരുതുരാ വെട്ടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. രാജേഷ് സിപിഐ എം കോസടി ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണ്.