കാഞ്ഞിരപ്പള്ളിയിൽ മരത്തില്‍ കണ്ട രാജവെമ്പാലയ്‌ക്കായി രണ്ടരമണിക്കൂര്‍ തെരച്ചില്‍; ഒടുവില്‍ പിടിയിലായത്‌ എട്ടടി മൂര്‍ഖന്‍

1-web-cobra-kply

കാഞ്ഞിരപ്പള്ളി: നഗരത്തിന്‌ സമീപം വീടിന്‌ പിന്നിലെ മരത്തില്‍ രാജവെമ്പാലയെ കണ്ടെന്ന വാര്‍ത്ത നാടിനെ പരിഭ്രാന്തിയിലാക്കി. കാഞ്ഞിരപ്പള്ളി ഒന്നാം മൈലില്‍ റബ്ബര്‍ ഫാക്‌ടറിയ്‌ക്ക്‌ സമീപം നെല്ലിമല പുതുപ്പറമ്പില്‍ അജൈസിന്റെ വീടിന്റെ പിന്നിലെ മരത്തിലാണ്‌ ഇന്നലെ വൈകിട്ട്‌ ഏഴ്‌ മണിയോടെ പാമ്പിനെ കണ്ടത്‌.

സാധാരണയിലും നീളമുള്ള പാമ്പ്‌ രാജവെമ്പാലയാണെന്ന്‌ ചിലര്‍ പറഞ്ഞതോടെ പരിഭ്രാന്തി പരത്തി വാര്‍ത്ത പടര്‍ന്നു. സംഭവമറിഞ്ഞ്‌ രാജവെമ്പാലയെ കാണാന്‍ പുതുപ്പറമ്പില്‍ വീട്ടിലേക്ക്‌ ആളൊഴുകിയതോടെ പുരയിടം ജനസാഗരമായി.

ആരും അടുത്ത്‌ പോകരുതെന്നും, കല്ലെറിഞ്ഞ്‌ പ്രകോപനമുണ്ടാക്കരുതെന്നും ചിലരുടെ മുന്നറിയിപ്പുകള്‍, വാവാ സുരേഷിനെ വിളിക്കണമെന്നായി ചിലര്‍. ഇതിനിടയില്‍ കാഴ്‌ചക്കാരില്‍ ആരോ മരത്തില്‍ തൂങ്ങിക്കിട പാമ്പിന്‌ നേരെ കല്ലെടുത്തെറിഞ്ഞു. ലക്ഷ്യം കണ്ട ഏറില്‍ താഴെ വീണ പാമ്പ്‌ വീടിന്‌ സമീപം കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകള്‍ക്കിടയിലേക്ക്‌ കയറി.

ഇതോടെ കരിങ്കല്ലുകള്‍ക്കിടയിലായി തിരച്ചില്‍. രാജവെമ്പാലയായതിനാല്‍ ധൈര്യം സംഭരിച്ചായിരുന്നു മിക്കവരും തെരച്ചില്‍ നടത്തിയത്‌. രണ്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ പാമ്പിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. വകവരുത്തിയ പാമ്പിനെ പുറത്തെത്തിച്ചപ്പോഴാണ്‌ എട്ടടി നീളമുള്ള മൂര്‍ഖനാണ്‌ രാജവെമ്പാലയുടെ റോളില്‍ അഭിനയിച്ച്‌ നാട്ടുകാരുടെ അടികൊണ്ടതെന്ന്‌ വ്യക്‌തമായത്‌. രാജവെമ്പാലയെ കാണാന്‍ കാത്തിരുന്ന കാഴ്‌ചക്കാരും പിടിയിലായ എട്ടടി മൂര്‍ഖനെ കണ്ട്‌ ആശങ്കയകറ്റി.
2-web-cobra-kply

3-web-cobra-kply

4-web-cobra-kply