കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടുകളിൽ ബസുകൾ ചീറിപ്പായുന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട∙- പാലാ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് അമിത വേഗം. ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന ചില ബസുകൾ സമയം പാലിക്കാതെ സർവീസ് നടത്തുന്നതാണ് അമിത വേഗത്തിനും അപകടങ്ങൾക്കും കാരണമാകുന്നത്. കഴിഞ്ഞദിവസം പനയ്ക്കപ്പാലത്തു കൂട്ടിമുട്ടൽ ഉണ്ടാകുകയും ചെയ്തു. ‌ദീർഘ ദൂര ബസുകൾ പലതും സമയം തെറ്റിയാണ് സർവീസ് നടത്തുന്നത്. ഒപ്പം കെഎസ്ആർടിസി ബസുകളും കാര്യക്ഷമത കാണിച്ചു തുടങ്ങിയതോടെയാണ് മത്സരയോട്ടം രൂക്ഷമായത്.

രണ്ടു മിനിറ്റുപോലും വ്യത്യാസമില്ലാതെയാണ് ബസുകൾക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇതും മത്സരയോട്ടം രൂക്ഷമാകാൻ ഇടയാക്കിയിട്ടുണ്ട്. സ്കൂൾ തുറന്നതോടെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ തിരക്കും വർധിച്ചിട്ടുണ്ട്. മറ്റു യാത്രക്കാരെ കണ്ടെത്തുന്നതിനാണ് അമിത വേഗത്തിലുള്ള യാത്ര. പല അപകടങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെടുന്നത് കഷ്ടിച്ചാണ്. സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന കാഞ്ഞിരപ്പള്ളി റൂട്ടിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ എത്തിയതാണ് ഇവിടെ മത്സരയോട്ടത്തിന് കളമൊരുങ്ങിയത്.

മത്സരയോട്ടം മൂലം സ്ഥിരമായി അപകടങ്ങൾ നടന്നിരുന്ന റൂട്ടാണിത്. പൊലീസിന്റെ കർശന പരിശോധനകളാണ് മത്സരയോട്ടം കുറെയൊക്കെ നിയന്ത്രിച്ചിരുന്നത്. മത്സരയോട്ടം നിയന്ത്രിക്കാൻ പൊലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും ഭാഗത്തു നിന്നും തുടർന്നും കർശന നടപടി ഉണ്ടാകണം.