കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം ഇളങ്ങുളത്ത് 14 മുതല്‍

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്‌കൂള്‍ കലോത്സവം 14 മുതല്‍ 17 വരെ ഇളങ്ങുളത്ത് നടക്കും. ഇതോടൊപ്പം സംസ്‌കൃതോത്സവം, അറബികലോത്സവം എന്നിവയും നടക്കും.

ഇളങ്ങുളം സെന്റ്‌മേരീസ് ഹൈസ്‌കൂള്‍, സെന്റ്‌മേരീസ് എല്‍.പി.സ്‌കൂള്‍, സെന്റ് മേരീസ് പാരീഷ് ഹാള്‍, ശാസ്താ ദേവസ്വം കെ.വി.എല്‍.പി.ജി.സ്‌കൂള്‍ എന്നിവിടങ്ങളിലെ എട്ടു വേദികളിലായാണ് മത്സരം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തമിഴ്, കന്നട ഭാഷകളില്‍ മത്സരങ്ങളുണ്ട്. 119 വിദ്യാലയങ്ങളില്‍ നിന്നായി എല്‍.പി. മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള മൂവായിരത്തോളം കുട്ടികള്‍ മാറ്റുരയ്ക്കും.

14ന് രാവിലെ 11ന് സെന്റ്‌മേരീസ് പാരീഷ് ഹാളില്‍ കെ.എം.മാണി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വികാരി ഫാ.അഗസ്റ്റിന്‍ കാര്യപ്പുറം അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി എ.ഇ.ഒ സരസമ്മ പി.കെ. മുഖ്യപ്രഭാഷണവും ഫാ.സക്കറിയാസ് ഇല്ലിക്കമുറിയില്‍ അനുഗ്രഹപ്രഭാഷണവും നടത്തും.

സംസ്‌കൃതകലോത്സവം എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലദേവിയും അറബിക് കലോത്സവം ജില്ലാപഞ്ചായത്ത് അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കലും ഉദ്ഘാടനം ചെയ്യും.

ശാസ്താ ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.വിനോദ് സുവനീര്‍ പ്രകാശനം ചെയ്യും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമപഖര്‍ പ്രസംഗിക്കും. 17 ന് വൈകിട്ട് നാലിന് സെന്റ് മേരീസ് പാരീഷ് ഹാളില്‍ സമാപനസമ്മേളനം പി.സി.ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.ജയരാജ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ. എ.കെ.അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിക്കും. ജോര്‍ജ് വാലി സമ്മാനദാനം നിര്‍വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എ.ഇ.ഒ. പി.കെ. സരസമ്മ, ജനറല്‍ കണ്‍വീനര്‍ സി.ജെ.വിനോജി, ജോ.കണ്‍വീനര്‍ പി.എന്‍.പ്രദിപ് കുമാര്‍, പി.എ.ഇബ്രാഹിം കുട്ടി, എസ്.അഭിലാഷ്, എം.എ.സജികുമാര്‍, പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്, സെബാസ്റ്റ്യന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.