കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്തംഗങ്ങളുടെ ഹോണറേറിയം ലഭിക്കാന്‍ വൈകുന്നതായി പരാതി

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്തംഗങ്ങളുടെ ഹോണറേറിയം ലഭിക്കാന്‍ വൈകുന്നതായി പരാതി. എല്ലാ മാസവും ഒന്നാം തീയതി ലഭിച്ചുകൊണ്ടിരുന്ന ഹോണറേറിയം ഇന്നലെ വരെയും നല്‍കിയിട്ടില്ല. പഞ്ചായത്തില്‍ മതിയായ ഫണ്ടില്ലാത്തതാണ് കാരണമെന്നു പറയപ്പെടുന്നു.

പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നുമാണ് മെംബര്‍മാര്‍ക്ക് ഹോണറേറിയം നല്‍കുന്നത്. 23 അംഗ പഞ്ചായത്തില്‍ പ്രതിമാസം പ്രസിഡന്റിന് 6600, വൈസ് പ്രസിഡന്റിന് 5500, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 4500, പഞ്ചായത്തംഗങ്ങള്‍ക്ക് 3500 രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ഇപ്രകാരം ഒരു മാസത്തെ ഹോണറേറിയം നല്‍കാന്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് 88600 രൂപ വേണം. എ ഗ്രേഡ് പഞ്ചായത്തായ കാഞ്ഞിരപ്പള്ളിയില്‍ ഇത് നല്‍കാനുള്ള ഫണ്ട് ഇല്ലെന്ന വാദം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പഞ്ചായത്തിന്റെ പ്രധാന വരുമാനമായ കെട്ടിട നികുതി, വാടക, ലൈസന്‍സ് ഫീസ് എന്നിവ പിരിച്ചെടുക്കാത്തതാണ് ഫണ്ടില്ലാത്തതിന് കാരണമെന്ന് ആരോപണമുണ്ട്. പഞ്ചായത്തിന്റെ പരിധിയില്‍ പല സ്ഥാപനങ്ങള്‍ക്കും ലൈസന്‍സില്ല. പല കെട്ടിടങ്ങള്‍ക്കും നികുതി ഈടാക്കുന്നില്ല. പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയിരിക്കുന്ന കെട്ടിടങ്ങളുടെ വാടക കൃത്യമായി ഈടാക്കുന്നില്ല. പുതുക്കിയ നികുതി നിരക്കിലെ അപാകതയും അശാസ്ത്രീയതയും മൂലം പല കെട്ടിട ഉടമകളും നികുതി അടയ്ക്കാന്‍ തയാറല്ലാതെ വരുന്ന സാഹചര്യവുമുണ്ട്. താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ നികുതി നിര്‍ണയവും നികുതി പിരിവും കാര്യക്ഷമമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.