കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ല

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ല

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ ശിശുചികില്‍സാ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ലാത്തത്‌ പ്രശ്‌നങ്ങളുയര്‍ത്തുന്നു. ആശുപത്രിയിലെ ശിശു രോഗ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട്‌ ഡോക്‌ടര്‍മാരില്‍ ഒരാള്‍ സ്‌ഥലം മാറിപോയതും രണ്ടാമന്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്‌തതോടെയാണ്‌ കുട്ടികളുടെ വിഭാഗത്തില്‍ ഡോക്‌ടര്‍മാര്‍ ഇല്ലാതായത്‌. മഴക്കാലമായതോടെ പനി ബാധിച്ച്‌ ദിവസവും നൂറു കണക്കിന്‌ കുട്ടികളെയാണ്‌ ആശുപത്രിയില്‍ ചികില്‍സയ്‌ക്കായി കൊണ്ടുവരുന്നത്‌. താലൂക്കിലെയും ഇടുക്കി ജില്ലയില്‍ നിന്നുമായി നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌ ആശുപത്രിയില്‍ ചികില്‍സ തേടി എത്തുന്നവരില്‍ ഏറെയും.

ഡോക്‌ടര്‍മാരില്ലാത്തതിനാല്‍ അന്‍പത്‌ കിലോമീറ്ററിലധികം സഞ്ചരിച്ച്‌ കോട്ടയം ജില്ലാ ആശുപത്രിയിലോ, മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലോ എത്തി ചികില്‍സ തേടേണ്ട സാഹചര്യവും ദുരിതം വര്‍ദ്ധിപ്പിക്കുന്നു. രാത്രി സമയങ്ങളിലാണ്‌ കുട്ടികളെയുമായി എത്തുന്നവര്‍ വലയുന്നത്‌. വാഹന സൗകര്യവുമില്ലാത്തതിനാല്‍ നിര്‍ധന കുടുംബാംഗങ്ങള്‍ നട്ടം തിരിയുന്ന സ്‌ഥിതിയാണ്‌. നിലവില്‍ ആശുപത്രിയിലെ ഒരു ഫിസിഷ്യനാണ്‌ കുട്ടികളെ പരിശോധിച്ച്‌ ചികില്‍സ നിര്‍ദ്ദേശിക്കുന്നത്‌. ശിശുരോഗ വിഭാഗത്തില്‍ ഡോക്‌ടര്‍മാര്‍ ഇല്ലാത്തത്‌ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്‌.

കുട്ടികളെ പരിശോധിക്കാനും ചികില്‍സിക്കാനും ഡോക്‌ടര്‍മാരില്ലാത്തതിനാല്‍ ശസ്‌ത്രക്രിയ ആവശ്യമായി വരുന്ന പ്രസവ കേസുകള്‍ മറ്റ്‌ ആശുപത്രികളിലേക്ക്‌ റഫര്‍ ചെയ്യുകയാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ജനറല്‍ ആശുപത്രിയില്‍ സേവനം അനുഷ്‌ഠിക്കാന്‍ സന്നദ്ധത അറിയിച്ച്‌ ഏതാനും ശിശുരോഗ വിദഗ്‌ധര്‍ സ്‌ഥലം മാറ്റത്തിന്‌ അപേക്ഷിച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടാകാത്തതും പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു.