കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ തിരക്കു വർദ്ധിക്കുന്നു

കാഞ്ഞിരപ്പള്ളി: ദിനംതോറും ആയിരത്തോളംപേര്‍ ചികിത്സ തേടിയെത്തുന്ന ജനറല്‍ ആശുപത്രിയില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഇനിയും അകലെയാണ്‌. ഇന്നലെ മാത്രം 1033 പേര്‍ ഒ.പിയില്‍ ചികിത്സ തേടിയെത്തി. ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെ മികച്ച സേവനം ലഭ്യമാകുന്നുണ്ടെങ്കിലും സ്‌ഥലസൗകര്യത്തിന്റെ അഭാവം രോഗികളെ വലയ്‌ക്കുന്നു. ഒ.പി. പ്രവര്‍ത്തിക്കുന്ന സ്‌ഥലത്ത്‌ രോഗികള്‍ കാത്തു നില്‍ക്കുന്നത്‌ ഇടുങ്ങിയ സ്‌ഥലത്താണ്‌. പലതരം രോഗമുള്ളവര്‍ കൂട്ടമായി ഡോക്‌ടറെ കാത്തുനില്‍ക്കുന്നത്‌ രോഗങ്ങള്‍ പടരുന്നതിന്‌ കാരണമാകും.

ആശുപത്രിയുടെ വികസനത്തിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‌ അധികൃതര്‍ക്ക്‌ സാധിച്ചിട്ടില്ലെന്നു പരാതിയുണ്ട്‌. മുണ്ടക്കയം സി.എച്ച്‌.സി. താലൂക്ക്‌ ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും ഇതുവരെയും കിടത്തിച്ചികിത്സ ആരംഭിച്ചിട്ടില്ല. നിലവില്‍ മൂന്ന്‌ ഡോക്‌ടര്‍മാരാണ്‌ ആശുപത്രിയില്‍ സേവനത്തിനായുള്ളത്‌. ഇന്നലെ 425 പേര്‍ ഒ.പിയില്‍ ചികിത്സ തേടിയെത്തി. ഒരാള്‍ അവധിയായതിനാല്‍ രണ്ടു ഡോക്‌ടര്‍മാര്‍ മാത്രമാണ്‌ സേവനത്തിലുണ്ടായിരുന്നത്‌. ഇതോടെ 12 മണിക്ക്‌ അവസാനിപ്പിക്കേണ്ട ഒ.പി. മൂന്നരവരെ നീണ്ടു. മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിന്റെ അവസ്‌ഥയാണ്‌ ഏറെ പരിതാപകരം. ശബരിമല തീര്‍ഥാടനകാലത്ത്‌ ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെ മികച്ച സേവനം നല്‍കുന്ന ആശുപത്രിയില്‍ ഇപ്പോള്‍ സ്‌ഥിതി നേരെ മറിച്ചാണ്‌. നിലവില്‍ ഡോക്‌ടര്‍മാരുടെ ഏഴു തസ്‌തികളുള്ള ആശുപത്രിയില്‍ ഇപ്പോള്‍ നാലുപേര്‍ മാത്രമാണ്‌ സേവനത്തിനുള്ളത്‌. കിടത്തിച്ചികിത്സയ്‌ക്കായി കെട്ടിടങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞെങ്കിലും ഡോക്‌ടര്‍മാരില്ലാത്തതിനാല്‍ കെട്ടിടങ്ങള്‍ അനാഥമായി കിടക്കുകയാണ്‌.

രണ്ടു മാസത്തോളമായി ആശുപത്രിയില്‍ രാത്രികാല സേവനം അവസാനിപ്പിച്ചത്‌ വ്യാപക പ്രതിഷേധത്തിന്‌ വഴിയൊരുക്കി. ഇതോടെ രാവിലെ മുതല്‍ ഉച്ചവരെ പ്രവര്‍ത്തിച്ചിരുന്ന ഒ.പി. െവെകിട്ട്‌ ആറു വരെയാക്കുന്നതിന്‌ ഭരണസമിതി തീരുമാനമെടുത്തു. മലയോര മേഖലയിലെ സാധാരണക്കാരായ നിരവധിപേര്‍ ചികിത്സതേടിയെത്തുന്ന ആശുപത്രിയോട്‌ അധികൃതര്‍ കാട്ടുന്ന അവഗണനയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്‌. അപകടം സംഭവിച്ചെത്തുന്നവര്‍ 20 കിലോമീറ്റര്‍ അകലെ ജനറല്‍ ആശുപത്രിയിലോ മറ്റ്‌ സ്വകാര്യ ആശുപത്രികളിലോ പോകേണ്ട അവസ്‌ഥയാണുള്ളത്‌. ഇന്നലെ മാത്രം സി.എച്ച്‌.സിയില്‍ മുന്നൂറോളം പേരാണ്‌ ചികിത്സ തേടിയെത്തിയത്‌.