കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്‌റ്റിൽ

പൊൻകുന്നം ∙ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്‌റ്റിൽ. ബിജെപി പ്രവർത്തകനായ കൊട്ടാടിക്കുന്ന് പാറയിൽ സതീശ് (30) ആണ് പിടിയിലായത്. വിഷുദിനത്തിൽ ചിറക്കടവ് പാറക്കടവിൽ ക്രിക്കറ്റ് കളിയെത്തുടർന്നുണ്ടായ സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ-യുവമോർച്ച പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് നേരെയും അക്രമം ഉണ്ടായതോടെ രോഗികൾ ഉൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിൽ പത്തുപേർക്കു പരുക്കേറ്റിരുന്നു. അക്രമം തടയാൻ ശ്രമിച്ച പൊലീസുകാരന്റെ ഇടത് കൈ സംഘർഷത്തിൽ ഒടിഞ്ഞു. പൊൻകുന്നം സ്‌റ്റേഷനിലെ സിപിഒ സെബാസ്‌റ്റ്യൻ മാത്യുവിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലും പെട്ട അൻപതിലേറെ പേർക്കെതിരെ പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.