കാഞ്ഞിരപ്പള്ളി ടൌണ്‍ ശുചീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചു

കാഞ്ഞിരപ്പള്ളി ∙ നഗരത്തെ സമ്പൂർണമായി ശുചീകരിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത ആലോചനാ യോഗത്തിൽ തീരുമാനമായി. ടൗൺ പ്രദേശത്തെ വിവിധ സോണുകളായി തിരിച്ചു ശുചീകരണം നടത്തും.

വ്യാപാരികൾ കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. പ്ലാസ്‌റ്റിക് മാലിന്യ നിർമാർജനത്തിനും സമഗ്രമായ പദ്ധതി നടപ്പാക്കും. ‘സ്വരുമ’യുടെ നേതൃത്വത്തിൽ സ്‌കൂളുകളിലും ആരാധനാലയങ്ങളിലും നടപ്പാക്കിവരുന്ന പ്ലാസ്‌റ്റിക് ശേഖരണ പരിപാടി പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കാനും തീരുമാനമായി. മാലിന്യ നിർമാർജനത്തിനു ശാസ്‌ത്രീയമായ പുതിയ പദ്ധതികൾ പഠിച്ചു നടപ്പാക്കും.

സമ്പൂർണ ശുചിത്വ നഗരമാക്കി കാഞ്ഞിരപ്പള്ളിയെ മാറ്റുന്നതിന്റെ മുന്നോടിയായി റിപ്പബ്ലിക് ദിനത്തിൽ വിദ്യാർഥികൾ, വ്യാപാരികൾ, തൊഴിലാളികൾ എന്നിവരുടെയും യുവജന – സന്നദ്ധ – രാഷ്‌ട്രീയ സംഘടനകളുടെയും സഹകരണത്തോടെ നഗരശുചീകരണം നടത്തും. വിവിധ സംഘടനകളുടെ സഹകരണത്തോടെ ബോധവൽക്കരണവും ക്യാംപയിനും നടത്താൻ യോഗം തീരുമാനിച്ചു. പരിപാടികളുടെ നടത്തിപ്പിനു മോണിട്ടറിങ് കമ്മിറ്റിയും രൂപീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. എസ്. രവി, വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാടൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ആർ. തങ്കപ്പൻ, വിദ്യ രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. സജിൻ, ടോംസ് ആന്റണി, സുരേന്ദ്രൻ കാലായിൽ, വിവിധ സംഘടനാ ഭാരവാഹികളായ മാത്യു വെട്ടിയാങ്കൽ, ഫാ. വർഗീസ് മുഴുത്തേടം, ഷമീം അഹമ്മദ്, പി. കെ. ഗോപി, വി. പി. ഷിഹാബുദ്ദീൻ, റിയാസ്, സനോജ് മുട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന ജോബി, ഗ്രാമപഞ്ചായത്ത് അംഗം എം. എ. റിബിൻഷാ എന്നിവർ പരിപാടികൾ വിശദീകരിച്ചു.