കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യം ചിറ്റാര്‍പുഴയിലേക്ക്
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് മാലിന്യം നീക്കിയില്ലെങ്കിലെന്താ ചിറ്റാര്‍ പുഴയുണ്ടല്ലോ മാലിന്യം നിക്ഷേപിക്കാന്‍. കാഞ്ഞിരപ്പള്ളിക്കാരുടെ നിലപാടാണിത്. ഇതോടെ ടൗണിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന ചിറ്റാര്‍പുഴ മാലിന്യ വാഹിനിയായി മാറി. വേനല്‍ കടുത്തതോടെ പുഴയിലെ നീരൊഴുക്ക് നിലച്ചു. ഇതോടെ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുകയാണ്. ആയിരക്കണക്കിനു കുടുംബങ്ങളാണ് ചിറ്റാര്‍ പുഴയിലെ വെള്ളം വസ്ത്രങ്ങള്‍ കഴുകുന്നതിനും കുളിക്കുന്നതിനുമായി ഉപയോഗിക്കുന്നത്.
ഒരാഴ്ചയായി ടൗണിലെ മാലിന്യങ്ങള്‍ പഞ്ചായത്ത് നീക്കം ചെയ്യാതായതോടെ ചിറ്റാര്‍പുഴയില്‍ ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിത്തുടങ്ങി. ടൗണില്‍ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് ടൗണ്‍ഹാളിനു സമീപമായിരുന്നു നിക്ഷേപിച്ചിരുന്നത്. ഇതിനെതിരേ സ്വകാര്യ വ്യക്തി നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് ടൗണ്‍ഹാളിനു സമീപം മാലിന്യം നിക്ഷേപിക്കുന്നത് മനുഷ്യാവകാശ കമ്മീഷന് വിലക്കി. ഇതോടെയാണ് ടൗണിലെ മാലിന്യം നീക്കം ചെയ്യുന്നത് തടസപ്പെട്ടത്. നിലവില്‍ പഞ്ചായത്തിന് മാലിന്യ സംസ്കരണത്തിന് യാതൊരു സംവിധാനങ്ങളുമില്ല.
മാലിന്യനീക്കം നിലച്ചതോടെ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടിയിരുന്നു. പഞ്ചായത്തില്‍നിന്നു ലൈസന്‍സുള്ള വ്യാപാര സ്ഥാപനങ്ങള്‍ സ്വന്തമായി മാലിന്യം നിര്‍മാര്‍ജനം ചെയ്യണമെന്നു യോഗത്തില്‍ തീരുമാനമായി.
എന്നാല്‍, ടൗണിലെ പഴം, പച്ചക്കറി കടകളിലെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ ചിറ്റാര്പുഴയിലാണ് നിക്ഷേപിക്കുന്നതെന്ന് ആരോപണമുണ്ട്. പുഴകളുടെ തീരത്തുള്ള വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മലിനജലവും ചിറ്റാര്പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. മലിനജലം കെട്ടിക്കിടന്ന് വന്‍ ദുര്‍ഗന്ധമാണ് ഇപ്പോള്‍ വമിക്കുന്നത്.
ചിറ്റാര്‍ പുഴയുടെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും ഇതര സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ദുര്‍ഗന്ധംമൂലം ബുദ്ധിമുട്ടുകയാണ്. ചിറ്റാര്‍ പുഴ സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് ഭരണസമിതികള്‍ എല്ലാ വര്‍ഷവും ചിറ്റാര്‍പുഴ സംരക്ഷണത്തിനായി ബജറ്റില്‍ തുക വകകൊള്ളിക്കുമെങ്കിലും പദ്ധതി തയാറാക്കാറില്ല. ശക്തമായ മഴ കനിഞ്ഞെങ്കില്‍ മാത്രമേ ചിറ്റാര്‍ പുഴയിലെ ദുര്‍ഗന്ധത്തിന് ശമനമുണ്ടാവുകയുള്ളു.