കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയിലെ റംസാൻ സ്പെഷ്യൽ – നാച്ചിപറന്പ് കെ.എം.ഷാജിയും പാറക്കടവ് വി.എം.ഷാജിയും ചേര്‍ന്ന് തയ്യാറാക്കുന്ന ഉലുവാകഞ്ഞി

കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയിലെ  റംസാൻ സ്പെഷ്യൽ – നാച്ചിപറന്പ്  കെ.എം.ഷാജിയും പാറക്കടവ് വി.എം.ഷാജിയും ചേര്‍ന്ന് തയ്യാറാക്കുന്ന ഉലുവാകഞ്ഞി

കാഞ്ഞിരപ്പള്ളി: പച്ചരി, ഉലുവ, ജീരകം, വെളുത്തുള്ളി, ഇഞ്ചി, തക്കാളി, മല്ലിയില, കറിവേപ്പില തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ ഉലുവാകഞ്ഞി സ്വാദിഷ്ടമാകണമെങ്കില്‍ ഷാജിമാരുടെ കൈപ്പുണ്യംകൂടി ചേരണം. ഇതു പറയുന്നത് നോമ്പുതുറയ്ക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയിലെത്തി നോമ്പുമുറിക്കുന്നവര്‍. നാച്ചിപ്പറമ്പ് കെ.എം.ഷാജിയും പാറക്കടവ് വി.എം.ഷാജിയും ചേര്‍ന്ന് തയ്യാറാക്കുന്ന ഉലുവാകഞ്ഞിയാണ് വര്‍ഷങ്ങളായി നൈനാര്‍ പള്ളിയില്‍ നോമ്പുതുറയ്ക്ക് വിളമ്പുന്നത്.

പകല്‍ മുഴുവന്‍ റംസാന്‍വ്രതം അനുഷ്ഠിച്ച് കാഞ്ഞ വയറുമായി എത്തുന്നവര്‍ക്ക് ഔഷധക്കൂട്ടുള്ള ഉലുവാകഞ്ഞി നല്‍കണമെന്ന പഴമക്കാരുടെ ശീലമാണ് ഇന്നും പിന്തുടരുന്നത്. ഉലുവാകഞ്ഞിക്ക് മേമ്പൊടിയായി തേങ്ങാചമ്മന്തിയുണ്ട്. സ്‌പെഷലായി പുഴുങ്ങിയ കോഴിമുട്ടയും.

കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയില്‍ കാലങ്ങളായി ഈ രണ്ടു ഷാജിമാരാണ് ഉലുവാകഞ്ഞി തയ്യാറാക്കുന്നത്. രാവിലെ 11മണിയോടെ ഇരുവരും പള്ളിയിലെത്തി കഞ്ഞി തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങും. വൈകീട്ട് ആറുമണിയോടെ തയ്യാറാക്കിയ കഞ്ഞി ചെറുകോപ്പകളിലാക്കി പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ വെയ്ക്കും. മഗ്രീബ് ബാങ്കിന്റെ വിളി കേള്‍ക്കുന്നതോടെ എത്തുന്നവര്‍ ഈന്തപ്പഴവും ഉലുവാകഞ്ഞിയും കഴിച്ച് നോമ്പുതുറക്കും. ദിവസേന 1500ലധികംപേര്‍ ഇവിടെ നോമ്പുതുറയ്ക്ക് എത്തുന്നുണ്ട്.
ramsan-nombu