കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 7.79 കോടിയുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം

കാഞ്ഞിരപ്പള്ളി∙ ഗ്രാമപഞ്ചായത്തിൽ 2018-19 വർഷം 7.79 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗം, ഉൽപാദന, സേവന, പശ്ചാത്തല മേഖലകളിലായി 217 പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.

പാർപ്പിട പദ്ധതികൾക്ക് 1,21,38,220 രൂപ, കുട്ടികൾ, ഭിന്നശേഷിയുള്ളവർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 14,12,090 രൂപയും, വയോജനങ്ങൾക്ക് 14,12,090 രൂപയും മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നിവയ്ക്ക് 21,63,280 രൂപയും, പട്ടികജാതി വിഭാഗങ്ങൾക്ക് 66,09,000 രൂപയും വനിതാ ഘടക പദ്ധതിക്കായി 28,24,180 രൂപയുമാണ് വകയിരുത്തിയത്. ഉൽപാദന സേവന, പശ്ചാത്തല മേഖലയ്ക്ക് മുൻഗണന നൽകിയും സർക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായിട്ടുള്ള ഹരിത കേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് മിഷൻ എന്നിവയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ തയാറാക്കിയിരിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

സഹൃദയ വായനശാലയ്ക്കായി പുതിയ കെട്ടിടം നിർമിക്കുന്നതിനും അനുമതി ലഭിച്ചു. ടൗൺ ഹാൾ പരിസരത്ത് പഞ്ചായത്തിനു പുതിയ ഓഫിസ് കെട്ടിടം, പേട്ടക്കവലയിൽ ഓപ്പൺ സ്റ്റേജ്, ഓട്ടോ ടാക്‌സി സ്റ്റാൻഡ് എന്നിവയുടെ നിർമാണവും ഈ വർഷം നടപ്പാക്കാനും പദ്ധതിയുണ്ട്. ഡോ. എൻ. ജയരാജ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ഇവ നടപ്പിലാക്കുന്നത്. അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് ഇവയുടെ നിർമാണവും ആരംഭിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അറിയിച്ചു.