കാഞ്ഞിരപ്പള്ളി പുതിയ കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടന്‍….. ….. ….,,ഡോ.എന്‍ ജയരാജ് എം എല്‍ എ
പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡത്തില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് കാഞ്ഞിരപ്പള്ളി കോടതി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം അടുത്ത ദിവസം തന്നെ നടക്കും.
ഇരു നിലകളിലായി 2037 സ്ക്വയര്‍ മീറ്ററില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഒരു മുന്‍സിഫ് കോടതിയും രണ്ട് ജുഡിഷല് മജിട്രേട്ട് കോടതികളും ബാര്‍ അസോസിയേഷന് ഹാളും കാന്റീനുമുണ്ട്. ഇനി ചുറ്റു മതില് നിര്‍മിക്കുകയും പരിസരം മോടിയാക്കുന്നതിനുമുള്ള ജോലികളാണ് പൂര്‍ത്തിയാക്കാനുള്ളത്.
പൊന്‍കുന്നത്ത് നിര്‍മാണം അതിവേഗത്തില്‍ നടന്നു വരുന്ന മിനി സിവില്‍ സ്റേഷന് 4.75 കോടി രൂപകൂടി അനുവദിച്ചുകൊണ്ട് ഉത്തരവ് ഉടന്‍ ഉണ്ടാവും. അഞ്ചു നിലകളാണ് പൊന്‍കുന്നം മിനി സിവില്‍ സ്റേഷന് ഉള്ളത്. പുതുതായി അനുവദിച്ച ഫണ്ടില്‍ ഒരു കോടി രൂപ ലിഫ്റ്റ്, ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി വിനിയോഗിക്കും.
കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ഭാഗമായി വാളക്കയത്ത് നിര്‍മിക്കുന്ന കരിമ്പുകയം ചെക്ക്ഡാമിന് 3.10 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചു. ഇവിടെ നിര്‍മിക്കുന്ന തടയണയുടെ മുകളിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്ന തരത്തില്‍ ആറു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കും.
വാട്ടര്‍ അഥോറിറ്റി കരിമ്പുകയം കുടിവെള്ള പദ്ധതിക്കായി 18 കോടിയോളം രൂപയാണ് ചിലവഴിച്ചത്. 90 ലക്ഷത്തിന്റെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ്, 3.75 ലക്ഷം ശേഷിയുള്ള ഗ്രൌണ്ട് ലെവല്‍ റിസര്‍വേയര്‍, പമ്പ് ഹൌസ് എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞു. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം പ്രദേശങ്ങളിള്‍ ശുദ്ധജലം എത്തിക്കുന്നതാണ് പദ്ധതിയെന്നും എം.എല്‍.എ പറഞ്ഞു.