കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാൻഡിലെ ശൗചാലയം; പഞ്ചായത്ത് ജില്ലാമേധാവിക്ക്‌ ചുമതല


 കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്‌സ്റ്റാൻഡിലെ ശൗചാലയത്തിന്റെ ന്യൂനതകൾ പരിഹരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പഞ്ചായത്ത് ഉപ ഡയറക്ടറെ (കോട്ടയം) ചുമതലപ്പെടുത്തി.

ശൗചാലയത്തിന്റെ ന്യൂനതകൾ പരിഹരിച്ചെന്നും തുറന്നിട്ടുണ്ടെന്നും കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കമ്മിഷനിൽ വിശദീകരണം സമർപ്പിച്ചതോടെയാണ് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് തെറ്റാണെന്ന്‌ പരാതിക്കാരൻ എരുമേലി സ്വദേശി പി.എ. റഹിം കമ്മിഷനെ അറിയിച്ചു.

പരാതിക്കാരനും എതിർകക്ഷിയും വെവ്വേറെ നിലപാടുകൾ സ്വീകരിച്ച സാഹചര്യത്തിലാണ് നിജസ്ഥിതി മനസ്സിലാക്കി പ്രവർത്തനം നടത്താൻ കമ്മിഷൻ പഞ്ചായത്ത് ഉപഡയറക്ടറെ ചുമതലപ്പെടുത്തിയത്. ഇക്കാര്യത്തിൽ ഉപഡയറക്ടർ അന്വേഷണം നടത്തണമെന്നും കമ്മിഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് സെപ്റ്റംബർ 25-നകം ഹാജരാക്കണമെന്ന് കമ്മിഷൻ പഞ്ചായത്ത് ഉപ ഡയറക്ടർക്ക് നിർദേശം നൽകി.