കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി

കാഞ്ഞിരപ്പള്ളി∙ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മലിന ജലം മഴ പെയ്യുമ്പോൾ ഓടയിലൂടെ ചിറ്റാർ പുഴയിലേക്ക് ഒഴുക്കിവിടുന്നതായി വ്യാപാരികളുടെ പരാതി. ഇതിനെതിരെ സമരം നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു. മലിന ജലം പുറത്തേക്കൊഴുകുമ്പോൾ അസഹ്യമായ ദുർഗന്ധംമൂലം പ്രദേശത്തെ വ്യാപാരികളും ഇതുവഴി കടന്നുപോകുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്.

വർഷങ്ങളായി ഇതു സംബന്ധിച്ച പരാതികൾ പഞ്ചായത്തിനും ബന്ധപ്പെട്ട അധികൃതർക്കും നൽകുകയും പഞ്ചായത്ത്, ജില്ലാ അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് നേരിട്ട് ബോധ്യപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആരോപിച്ചു.

ഭരണം മാറിമാറിവന്നിട്ടും പ്രശ്‌നത്തിനു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പ്രശ്‌നത്തിനു ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് കെ.ജെ.ചാക്കോ കുന്നത്തിന്റെ അധ്യക്ഷതയിൽ, ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, വി.എം.അബ്ദുൾസലാം, ടി.എം.ജോണി, ബെന്നിച്ചൻ കുട്ടൻചിറ, എ.ആർ.മനോജ്, ജോമി അക്കരക്കളം, പി.കെ.അൻസാരി എന്നിവർ പ്രസംഗിച്ചു.