കാഞ്ഞിരപ്പള്ളി ബൈപാസ്: കുരുക്കഴിയുന്നു


കാഞ്ഞിരപ്പള്ളി ∙കുരുക്കുകളെല്ലാം അഴിച്ച് ബൈപാസ് പദ്ധതിക്ക് പ്രതീക്ഷയുടെ വഴിയൊരുങ്ങുന്നു. 12 വർഷം മുൻപ് പദ്ധതിക്കു തുടക്കമിട്ടപ്പോൾ മുതൽ പ്രതിബന്ധങ്ങളിൽ കുരുങ്ങിയ ബൈപാസ് പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷകൾക്ക് ‍ വീണ്ടും ചിറകു മുളയ്ക്കുന്നു. ബൈപാസ് നിർമാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലം ജില്ലാ കലക്ടർ എം. അഞ്ജന സന്ദർശിച്ചു. ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനാണ് കലക്ടർ എത്തിയത്. ഡോ. എൻ. ജയരാജ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, വൈസ് പ്രസിഡന്റ് റിജോ വാളാന്തറ എന്നിവരും കലക്ടർക്കൊപ്പം സ്ഥലം സന്ദർശിച്ചു.

2007–08 ൽ സർക്കാർ ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തി പ്രാരംഭ പ്രവർത്തനങ്ങൾക്ക് 9.2 കോടി രൂപ അനുവദിച്ച് ബൈപാസ് പദ്ധതിക്ക് തുടക്കമിട്ടു. പൊതുമരാമത്ത് നിരത്തു വിഭാഗം അലൈൻമെന്റ് നിശ്ചയിച്ച്, സർവേ നടപടികൾ പൂർത്തിയാക്കി അതിരുകൾ നിശ്ചയിച്ച് കല്ലുകളും സ്ഥാപിച്ചതോടെ ഒരു സ്ഥലമുടമ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതോടെ നടപടികൾ മുടങ്ങി. എന്നാൽ പിന്നീട് അനുകൂലമായ കോടതി വിധി ഉണ്ടായെങ്കിലും നിർമാണത്തിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. 2015– ഓഗസ്റ്റിൽ സാങ്കേതികാനുമതിയും ലഭിച്ചു.

2017 ഏപ്രിൽ 24ന് പൊതുമരാമത്ത് വകുപ്പ് പദ്ധതി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു കൈമാറി. ആർബിഡിസിയുടെ പുതിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരം 2017–18 ൽ 80 കോടി രൂപ പദ്ധതിക്കു വേണ്ടി കിഫ്ബിയിൽ നിന്നും അനുവദിച്ചു. സർവേ നടപടികൾ പൂർത്തിയാക്കി. സാമൂഹികാഘാത പഠനവും നടത്തി. തുടർന്നുള്ള സ്ഥലമേറ്റെടുപ്പിനുള്ള വിലനിർണയ നടപടികളാണ് നടന്നുവരുന്നത്. പദ്ധതിക്കായി 10 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 

ബൈപാസ് ഇങ്ങനെ

ദേശീയ പാത 183 ( കെകെ റോഡ്)ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നും മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും കുറുകെ പാലം നിർമിച്ച് ടൗൺ ഹാളിന് സമീപത്ത് കൂടി ഫാബീസ് ഓഡിറ്റോറിയത്തിനു അരികിലൂടെ പൂതക്കുഴിയിൽ ദേശീയ പാതയിൽ പ്രവേശിക്കുന്നതാണ് നിർദിഷ്ട ബൈപാസ്.1.65 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസിൽ ഒരു പാലവും അഞ്ച് കലുങ്കുകളും നിർമിക്കും. ശരാശരി 15 മുതൽ 20 മീറ്റർ വരെയായിരിക്കും വീതി