കാഞ്ഞിരപ്പള്ളി ബൈപാസ്

കാഞ്ഞിരപ്പള്ളി ∙ ബൈപാസ് പദ്ധതി എന്ന് കാഞ്ഞിരപ്പള്ളിക്കാർ കേൾക്കാൻ തുടങ്ങിയിട്ട് 10 വർഷം കഴിയുന്നു. തുടക്കം മുതൽ പ്രതിബന്ധങ്ങളിൽ കുരുങ്ങിയ ബൈപാസ് ഇപ്പോഴും ശൈശവാവസ്ഥയിലാണ്. പദ്ധതി യാഥാർഥ്യമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. 2007–08 ൽ എൽഡിഎഫ് സർക്കാർ ഫാസ്റ്റ് ട്രാക്കിൽ പെടുത്തി കാഞ്ഞിരപ്പള്ളി ബൈപാസിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 9.2 കോടി രൂപ അനുവദിച്ചാണ് ബൈപാസ് പദ്ധതിക്കു തുടക്കമിട്ടത്. സ്ഥലമേറ്റെടുപ്പ് തുടങ്ങുന്നതിനിടെ സ്ഥലമുടമകളിലൊരാൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.

ഇതോടെ നടപടികൾ മുടങ്ങി. എന്നാൽ പിന്നീട് ബൈപാസ് നിർമാണത്തിന് അനുകൂലമായ കോടതി വിധി ഉണ്ടായതോടെ ബൈപാസിന്റെ നടപടികൾ പുനരാരംഭിച്ചെങ്കിലും നിർമാണത്തിലേക്കു കടക്കാൻ കഴിഞ്ഞിട്ടില്ല.2015– ഓഗസ്റ്റിൽ സാങ്കേതികാനുമതി ലഭിച്ചു. പിന്നീട് 2016 സെപ്റ്റംബർ 27 ലെ സർക്കാർ ഉത്തരവ് പ്രകാരം 2017 ഏപ്രിൽ 24ന് പൊതുമരാമത്ത് വകുപ്പ് പദ്ധതി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന് കൈമാറി. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് 2013, 2011 എന്നീ വർഷങ്ങളിൽ സ്വകാര്യ വ്യക്തികൾ നൽകിയ 3 കേസുകളുടെ ഫയലുകൾ ഉൾപ്പെടെയാണ് പൊതുമരാമത്ത് കൈമാറിയത്.

2016–17ലെ ബജറ്റിൽ 20 കോടിയുടെ ഭരണാനുമതിയും ലഭിച്ചു. ആർബിഡിസിയുടെ പുതിയ പ്ലാനും എസ്റ്റിമേറ്റും പ്രകാരം 2017–18 ൽ 80 കോടി രൂപ പദ്ധതിക്കു വേണ്ടി കിഫ്ബിയിൽ നിന്ന് അനുവദിച്ചു. നേരത്തേ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പ്ലാനിൽ മാറ്റം വരുത്തി റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനു വേണ്ടി കിറ്റ്കോ തയാറാക്കിയ പ്ലാൻ പ്രകാരമുള്ള സർവേ നടപടികൾ പൂർത്തിയാക്കി. തുടർന്നുള്ള സ്ഥലമേറ്റെടുപ്പ് നടപടികളാണ് വൈകുന്നത്.

കാഞ്ഞിരപ്പള്ളി നിർദിഷ്ട ബൈപാസ് ഇങ്ങനെ

ദേശീയ പാത 183 (കെകെ റോഡ്)ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നു മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും കുറുകെ പാലം നിർമിച്ച് ടൗൺ ഹാളിനു സമീപത്ത് കൂടി ഫാബീസ് ഓഡിറ്റോറിയത്തിന് അരികിലൂടെ പൂതക്കുഴിയിൽ ദേശീയപാതയിൽ പ്രവേശിക്കുന്നതാണ് നിർദിഷ്ട ബൈപാസ്. 1.65 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസിൽ ഒരു പാലവും 5 കലുങ്കുകളും നിർമിക്കും. ശരാശരി 15 മുതൽ 20 മീറ്റർ വരെയായിരിക്കും വീതി.

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 7 മാസത്തിനുള്ളിൽ ടെൻഡർ നടപടികളിലേക്ക് കടക്കാനാകും. പുതിയ അലൈൻമെന്റ് പ്രകാരം ആവശ്യമായി വന്ന അധിക സ്ഥലത്തിന്റെ സാമൂഹികാഘാത പഠനം നടത്തേണ്ടതുണ്ട്. ഇതിനും സ്ഥലത്തിന്റെ സബ് ഡിവിഷൻ തിരിക്കുന്നതിനും മറ്റുമുള്ള പ്രാഥമിക നടപടികൾക്കായി 50 ലക്ഷം രൂപ റവന്യു വകുപ്പ് റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ നടത്തും. ഡോ.എൻ. ജയരാജ് എംഎൽഎ പറഞ്ഞു.