കാട്ടാന പുറത്ത് .. ശ്വാസം അടക്കി പിടിച്ചു ഏഴ് മണിക്കൂർ ഒരു കുടുംബം വീട്ടിനുള്ളിൽ …

കാട്ടാന പുറത്ത് .. ശ്വാസം അടക്കി പിടിച്ചു ഏഴ് മണിക്കൂർ ഒരു കുടുംബം വീട്ടിനുള്ളിൽ …

കോരുത്തോട് : കാളരാത്രി എന്ന് കേട്ടിട്ടേ ഉള്ളു . എന്നാൽ ദീപുവും ഭാര്യ ദീപയും അത് കഴിഞ്ഞ ദിവസം അനുഭവിച്ചു അറിഞ്ഞു . എറണാകുളത്തുനിന്ന് വിരുന്നെത്തിയ അവർ ഇങ്ങനെ ഒരു സംഭവം ഇനി ഒരിക്കലും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് മടക്കയാത്രക്ക് ഒരുങ്ങുന്നു.

‘സിനിമയില്‍ മാത്രം കണ്ടിട്ടുള്ള കാട്ടാനയെ നേരില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. എന്തുചെയ്യണണെന്നറിയില്ല. പേടിച്ചുവിറച്ച് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് ദീപുവും അമ്മായി തിലോത്തമയും തടഞ്ഞു. ശബ്ദമുണ്ടാക്കാതെ മൂവരും മുറിക്കുള്ളില്‍ പതുങ്ങിയിരുന്നു.’ ഇത് പറയുമ്പോള്‍ ദീപയുടെ കണ്ണുകളില്‍നിന്ന് ഭീതി വിട്ടുമാറിയിട്ടില്ല. പാറാന്തോട്ടില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വീട്ടുമുറ്റത്ത് ഏഴു മണിക്കൂറോളം നിലയുറപ്പിച്ച സംഭവം വിവരിക്കുകയായിരുന്നു ദീപ.

സാധാരണ രീതിയില്‍ കാട്ടുപന്നിയും മ്ലാവുമെക്കെ ഇറങ്ങുന്ന സ്ഥലമായതിനാല്‍ രാത്രി 12.30ഓടുകൂടി പുരയിടത്തില്‍ ശബ്ദം കേട്ടെങ്കിലും കാര്യമായെടുത്തില്ല. അല്‍പ്പസമയത്തിനുശേഷം വീടിന്റെ തിണ്ണയില്‍ ഇട്ടിരുന്ന കസേര ചവിട്ടിപ്പൊട്ടിക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് നേക്കിയപ്പോഴാണ് മുറ്റത്ത് കാട്ടാനകള്‍ നില്‍ക്കുന്ന ഭീതിപ്പെടുത്തുന്ന ദൃശ്യം ഇവര്‍ കണ്ടത്. വിവരം വനത്തില്‍ മലഞ്ചരക്ക് ശേഖരിക്കാന്‍ പോയ ഭര്‍ത്താവിനെയും മകനെയും സമീപത്തുള്ളവരെയും മൊബൈലില്‍ അറിയിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും പേടിമൂലം കഴിഞ്ഞില്ലെന്ന് കരുണാകരന്റ ഭാര്യ തിലോത്തമ്മ ഞെട്ടലോടെയാണ് പറഞ്ഞത്.

വീടിന്റെ സമീപത്തെ ഷെഡും പ്ലാസ്റ്റിക്ക് ജലസംഭരണിയും കസേരയുമൊക്കെ കാട്ടാനക്കൂട്ടം നശിപ്പിക്കുമ്പോള്‍ ഓരോ നിമിഷവും ദൈവത്തില്‍ സമര്‍പ്പിച്ചാണ് മൂവരും മുറിക്കുള്ളില്‍ പതുങ്ങിയിരുന്നത്. മുറ്റത്തുണ്ടായിരുന്ന പട്ടിയുടെ കുര കേട്ട് മുറ്റത്തേക്ക് ഓടിയെത്തിയ കാട്ടാനകള്‍ അടുക്കളയുടെ ജനാല നശിപ്പിച്ചു. പിന്നീട് മുറ്റത്ത് നിലയുറപ്പിച്ച ഇവ പുലര്‍ച്ചെ 7.30ഓടുകൂടിയാണ് കാട്ടിലേക്ക് കയറിപ്പോയത്. വീടിന് പുറത്തിറങ്ങുമ്പോഴാണ് സമീപത്തെ പറമ്പുകളിലെ കൃഷികള്‍ നശിപ്പിച്ച വിവരം അറിയുന്നത്. കാട്ടാനയിറങ്ങിയ വിവരം ഫോണിലൂടെ വനപാലകരെ അറിയിച്ചെങ്കിലും ആരും സ്ഥലത്തെത്തിയില്ലെന്ന് തിലോത്തമ പറഞ്ഞു.

ശബരിമല വനാതിര്‍ത്തി മേഖലയായ മുക്കുഴി, പാറാന്തോട് മേഖലയിലെ കുടുംബങ്ങള്‍ ജീവിക്കുന്നത് വനത്തില്‍ നിന്നുമുള്ള കുടുംപുളി, ചെറുതേന്‍, ഇഞ്ച, കുന്തിരിക്കം, കൂവ, ഇഞ്ചി എന്നിവ ശേഖരിച്ചാണ്. ഇങ്ങനെ മലഞ്ചരക്കുകള്‍ ശേഖരിക്കാന്‍ കരുണാകരനും മകന്‍ രാജേഷും അഞ്ച് ദിവസം മുമ്പ് വനത്തില്‍ പോയിരിക്കുകയായിരുന്നു. ആനയിറങ്ങിയ സമയത്ത് എറണാകുളത്തുനിന്ന് വിരുന്നെത്തിയ ദീപുവും ഭാര്യ ദീപയും തിലോത്തമയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.