കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു

പമ്പാവാലി∙കാളകെട്ടിയിൽ കാട്ടുപന്നിക്കൂട്ടമിറങ്ങി കർഷകരുടെ കൃഷിയിടങ്ങൾ തകർത്തു. കൃഷിയിടങ്ങളിലിറങ്ങിയ പന്നിക്കൂട്ടം കപ്പയും ചേമ്പും വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഒട്ടേറെ കൃഷിയിടങ്ങളാണ് ഇവ നശിപ്പിക്കുന്നത്. ഒരിക്കൽ ഇറങ്ങിയാൽ കൃഷിയിടം പൂർണമായി തകർത്തശേഷമേ പിൻമാറൂ. വരുംദിനങ്ങളിലും പന്നികളുടെ ആക്രമണം ഉണ്ടാകുമെന്ന് ഇതോടെ ജനം ഭീതിയിലായി.

വന്യജീവി സംരക്ഷണ നിയമമുള്ളതിനാൽ ഇവയെ തുരത്താനോ ആക്രമിക്കാനോ കഴിയുന്നുമില്ല. കാർഷിക മേഖലയിൽ വന്യജീവികളെ തുരത്താൻ സൗരോർജവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു വനം സംരക്ഷണ സമിതി ചെയർമാൻ സതീഷ് ഉറുമ്പിൽ ഡിഎഫ്ഒയ്ക്കു പരാതി നൽകി.