കാട്ടുപന്നിയെ പേടിച്ച് കർഷകർ

എരുമേലി∙മലയോര മേഖലയിൽ കാട്ടുപന്നികളുടെ ആക്രമണവും കൃഷിയിടങ്ങൾ നശിപ്പിക്കലും മൂലം കർഷകർ ദുരിതത്തിൽ. കാട്ടുപന്നികളുടെ ആക്രമണം കൂടി നേരിടേണ്ടി വരുന്നതോടെ കർഷകർ ഭയപ്പാടിലാണ്. ടാപ്പിങ് തൊഴിലാളി സ്ത്രീയെ മൂന്നു മാസം മുൻപ് കാട്ടുപന്നി ആക്രമിച്ചു. കാട്ടുപന്നി ആക്രമണത്തിൽ വിദ്യാർഥിനിക്കും മർദനമേറ്റ സംഭവമുണ്ട്.

എരുമേലി വനം റേഞ്ച് ഓഫിസ് പരിധിയിലെ കാടുകളിൽ നിന്നു കൂട്ടമായി എത്തുന്ന നൂറുകണക്കിനു പന്നികളാണു കർഷകർക്കു ദുരിതം സൃഷ്ടിക്കുന്നത്. കപ്പ, വാഴ, ചേമ്പ്, കാച്ചിൽ അടക്കമുള്ള കൃഷികളാണു കൂടുതലായും നശിപ്പിക്കുന്നത്. രണ്ടു വർഷത്തിനു താഴെയുള്ള റബർ മരങ്ങളും കുത്തിമറിക്കുകയാണ്.

പന്നികളെ ഭയന്നു കർഷകർ ഇപ്പോൾ കൃഷിയിറക്കാൻ മടിക്കുകയാണ്. പന്നി ശല്യം ഭയന്നു സ്ഥലങ്ങൾ പലയിടത്തും തരിശുകളായി കിടക്കുന്നതും കാണാം. കനകപ്പലത്ത് വർഷങ്ങളായി കൃഷിയിറക്കാത്ത സ്ഥലങ്ങൾ കാണാം.പ്രപ്പോസ്, ആനക്കല്ല്, കൊടിത്തോട്ടം, പാണപിലാവ്, മുട്ടപ്പള്ളി, കനകപ്പലം, കരിമ്പിൻതോട് ,പൊര്യൻമല, കാളകെട്ടി, മൂക്കംപെട്ടി പ്രദേശങ്ങളിലാണു കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഇവ അബദ്ധത്തിൽ കിണറുകളിലും മറ്റും വീണു ചാവുന്നതോടെ വെള്ളം ഉപയോഗ യോഗ്യമല്ലാതാവുകയും ചെയ്യുന്നു.

കാട്ടുപന്നി ആക്രമണം നേരിടാൻ വനാതിർത്തിയിൽ സൗരവേലി നടപ്പാക്കുക മാത്രമാണ് പോംവഴി. സൗരവേലി ഇല്ലാത്ത പ്രദേശങ്ങളിൽക്കൂടി കാർഷിക മേഖലയിലേക്കു പന്നികൾ കടക്കുന്നതും പതിവാണ്.