കാണാതായിട്ട് രണ്ടു വര്‍ഷം, അന്വേഷിക്കാന്‍ ഇനി സ്ഥലമില്ല; ജെസ്‌ന എവിടെ?


കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയെ(20) കാണാതായിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. അന്വേഷണം തുടരുന്നെന്നല്ലാതെ മറ്റൊന്നും കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പറയാനില്ല. ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.

എരുമേലിയില്‍നിന്ന് എങ്ങോട്ടുപോയി?

2018 മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന എരുമേലിവരെ എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നെ എങ്ങോട്ടുപോയി. അന്വേഷിക്കാന്‍ ഇനി സ്ഥലമില്ല. ജെസ്‌നയെക്കണ്ടെന്ന ഫോണ്‍ കോളുകളുടെ പിന്നാലെ പോലീസ് അന്വേഷിച്ചു പോകാത്ത സ്ഥലങ്ങളില്ല.

തുമ്പില്ലാതെ പോലീസ്

ആദ്യം വെച്ചൂച്ചിറ പോലീസാണ് കേസന്വേഷിച്ചത്. പിന്നീട് പെരുനാട് സി.ഐ., തിരുവല്ല ഡിവൈ.എസ്.പി. എന്നിവരും ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15  അന്വേഷിച്ചു. ഒരു വര്‍ഷം മുമ്പ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. മുഹമ്മദ് കബീര്‍ റാവുത്തരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഒന്നും പറയാനില്ല

അന്വേഷണം നടക്കുന്നുണ്ട്. മോശമെന്നോ മെച്ചമെന്നോ പറയാനില്ല. പുതിയ ജില്ലാ പോലീസ് മേധാവിയായി കെ.ജി.സൈമണ്‍ ചുമതലയേറ്റെടുത്തപ്പോള്‍ അദ്ദേഹത്തെക്കണ്ടും വിവരങ്ങള്‍ അറിയിച്ചിരുന്നു. കൂടുതലായി ഒന്നും പറയാനില്ല.

-ജെയിംസ് ജോസഫ്(ജെസ്‌നയുടെ അച്ഛന്‍)