കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇന്ന് കണ്ടെത്തുമെന്ന പ്രവചനവുമായി ഇന്ത്യന്‍ വാസ്തുശാസ്ത്ര വിദഗ്ധന്‍

vasthu
ക്വാലാലംപൂര്‍: അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 പേരുമായി കഴിഞ്ഞ ശനിയാഴ്ച കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 ജെറ്റ്‌ലൈനര്‍ വിമാനത്തിനായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുള്‍പ്പടെ 12 രാജ്യങ്ങളുടെ നേതൃത്വത്തില്‍ 39 വിമാനങ്ങളും 42 കപ്പലുകളും വിമാനത്തിനായി തെരച്ചില്‍ നടത്തി വരികയാണ്.

അതിനിടെ കാണാതായ വിമാനം വരുന്ന ശനിയാഴ്ചക്കകം കണ്ടെത്തുമെന്ന പ്രവചനവുമായി ഇന്ത്യന്‍ വാസ്തുശാസ്ത്ര വിദഗ്ധന്‍ രംഗത്തെത്തി. ഗ്രഹങ്ങളുടെയും സുര്യന്റെയും നക്ഷത്രങ്ങളുടെയും നിലവിലെ പൊരുത്തമനുസരിച്ചു വിമാനം ശനിയാഴ്ചയ്ക്കകം കണ്ടെത്തുമെന്നാണ് ചെന്നൈയില്‍ നിന്നുള്ള എഴാംതലമുറ ജ്യോതിഷിയും വാസ്തുശാസ്ത്ര വിദഗ്ധനുമായ യുവരാജ്‌ സൗമയുടെ പ്രവചനം.

വിമാനം കണ്ടെത്തുന്നതിനായി നടത്തുന്ന പരിശ്രമങ്ങള്‍ അല്‍പമെങ്കിലും വിജയം കണ്ട് തുടങ്ങിയത് ഇന്നലെ (വ്യാഴാഴ്ച) മുതലാണ്‌. വ്യാഴാഴ്ച ദിനത്തെ നിയന്ത്രിക്കുന്ന വ്യാഴ ഗ്രഹത്തില്‍ നിന്ന് അനുകൂല തരംഗങ്ങള്‍ ഉണ്ടായതാണ് ഇതിനു കാരണമെന്ന് യുവരാജ്‌ പറയുന്നു. ശകുനം പിഴച്ച ഒരു ദിവസമാണ് (ശനിയാഴ്ച) വിമാനം കാണാതായത്. ഹിന്ദു ചാന്ദ്രകലണ്ടര്‍ പ്രകാരം അന്ന് അഷ്ടമി ദിനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തെക്കന്‍ ചൈനാക്കടലിനു മുകളില്‍ വച്ചാണ് വിമാനം കാണാതാകുന്നത്. വിമാനം കാണാതായിട്ട് ഒരാഴ്ചയോളമായിട്ടും വിമാനത്തെ കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.