കാനനപാതയിൽ തീർഥാടകരുടെ തിരക്കു വർദ്ധിച്ചു

എരുമേലി ∙ പരമ്പരാഗത കാനനപാതയിൽ തീർഥാടകരുടെ തിരക്കു വർധിച്ചിരിക്കെ വനംവകുപ്പിന്റെ നേതൃത്വത്തിൽ വനസംരക്ഷണ സമിതിയുടെയും ഇക്കോ ഡവലപ്മെന്റ് സൊസൈറ്റിയുടെയും കീഴിൽ 500 സേവനകേന്ദ്രങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കാനനപാതയിൽ തീർഥാടകരുടെ നിലയ്ക്കാത്ത പ്രവാഹം. ഭക്തർ വനത്തിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നും കോയിക്കക്കാവിൽ വിശ്രമകേന്ദ്രം ഉണ്ടെന്നും വനംവകുപ്പ് അറിയിച്ചു. കോയിക്കക്കാവ് മുതൽ ചെറിയാനവട്ടം വരെയുള്ള പ്രദേശത്താണ് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മുൻവർഷങ്ങളിൽ തീർഥാടകർക്കായി വനംവകുപ്പ് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണു സൗകര്യം വർധിപ്പിച്ചിരിക്കുന്നത്.

എരുമേലി റേഞ്ചിനു കീഴിൽ കോയിക്കക്കാവ് മുതൽ കാളകെട്ടി വരെ നൂറും പീരുമേട് ഡിവിഷനു കീഴിൽ അഴുത മുതൽ ചെറിയാനവട്ടം വരെ നാനൂറും സേവനകേന്ദ്രങ്ങളാണുള്ളത്. കോയിക്കക്കാവിൽ 100 പേർക്കു വിശ്രമിക്കാനുള്ള കേന്ദ്രമാണു താൽക്കാലികമായി നിർമിച്ചിട്ടുള്ളത്. ഇവിടെ ടാങ്ക് സ്ഥാപിച്ചു ശുദ്ധജലവിതരണവും നടക്കുന്നു. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സേവന കേന്ദ്രങ്ങളിൽ മിതമായ നിരക്കിൽ ലഘുഭക്ഷണവും മറ്റും ലഭ്യമാണ്.

വനപാതയെ പൂർണമായി പ്ലാസ്റ്റിക് വിമുക്തമാക്കിയതായി എരുമേലി റേഞ്ച് ഓഫിസർ സാൻട്രി ടോം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിച്ചു. തീർഥാടകരുടെ സുരക്ഷയ്ക്കായി വാച്ചർമാരെയും ഗാർഡുകളെയും നിയോഗിച്ചു. വെളിച്ചം ലഭ്യമാക്കാൻ ജനറേറ്റർ ഉപയോഗിക്കുന്നു. ഡിഎഫ്ഒ എം. എസ്. ജയരാമന്റെ കീഴിലാണ് എരുമേലി റേഞ്ചിൽ വനംവകുപ്പു പ്രവർത്തനങ്ങൾ. പാത സമ്പൂർണ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഇഡിസി അംഗങ്ങൾ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വഴികളിൽനിന്നു ശേഖരിക്കുന്നുണ്ട്. ഇവ വാഹനസൗകര്യമുള്ള മുക്കുഴി, അഴുത, പമ്പ എന്നിവിടങ്ങളിലേക്കു തലച്ചുമടായി കൊണ്ടുപോവുകയാണ്.

കാട്ടുതീ സാധ്യത: ഇഡിസികൾക്ക് പാചകവാതക അടുപ്പുകൾ പമ്പാവാലി പരമ്പരാഗത കാനനപാതയിൽ കാട്ടുതീ സാധ്യത കണക്കിലെടുത്ത് വിറക് ഉപയോഗം കുറയ്ക്കാൻ ഇഡിസികൾക്കു പാചകവാതക അടുപ്പുകൾ വനംവകുപ്പ് വിതരണം ചെയ്തു. വെയിൽ ശക്തമായതിനാൽ വിറകുകൊള്ളികളിൽനിന്നും മറ്റുമുള്ള തീപ്പൊരികൾ വനത്തിനും വന്യമൃഗങ്ങൾക്കും അപകടം സൃഷ്ടിച്ചേക്കാവുന്ന സാഹചര്യത്തിലാണ് വിറക് ഉപയോഗം പരമാവധി കുറയ്ക്കാൻ വനം വകുപ്പു നിർദേശിച്ചത്. പെരിയാർ വെസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ ടി. ബാബു, ഇഡിസി കോൺഫെഡറേഷൻ ചെയർമാൻ ജോഷി പന്തല്ലൂപ്പറമ്പിലിനു പാചകവാതക അടുപ്പ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. അഴുത റേഞ്ച് ഓഫിസർ ഷാജി കെ. വർക്കി, പമ്പ റേഞ്ച് ഓഫിസർ എസ്. സന്ദീപ് എന്നിവർ പ്രസംഗിച്ചു.