കാനനപാതയിൽ തീർഥാടക പ്രവാഹം

എരുമേലി∙ ഇന്നു മകരവിളക്ക് ദർശനം നടക്കാനിരിക്കെ കാനനപാതയിൽ തീർഥാടക പ്രവാഹം. എരുമേലിയിൽ തിരക്കൊഴിയുന്നു. വാഹനാപകടങ്ങൾ തീരെ കുറഞ്ഞതിന്റെ ആശ്വാസത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും ആരോഗ്യ പ്രവർത്തകരും. സീസണിൽ നടപ്പാക്കിയ പുണ്യം പൂങ്കാവനം പദ്ധതി വിജയമായെങ്കിലും മലിനീകരണ പ്രശ്നം പൂർണമായി പരിഹരിക്കാനായില്ല. മകരവിളക്ക് സീസണിൽ അനുഭവപ്പെട്ടിരുന്ന വൻ തിരക്കിന് ഇന്നലെ വൈകിട്ടോടെ കുറവു വന്നു.

എന്നാൽ രാവിലെ പട്ടണത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കുറവ് വാഹനാപകടങ്ങൾ ഉണ്ടായ സീസൺ ആണ് കടന്നുപോകുന്നത്. എരുമേലി– ശബരിമല പാതയിൽ അപകടമരണങ്ങൾ ഉണ്ടായില്ലെന്നതും ശ്രദ്ധേയമായി. പൊലീസിന്റെ എണ്ണം മുൻവർഷത്തേക്കാൾ കുറവായിരുന്നെങ്കിലും കാര്യമായ പരാതികളില്ലാത്ത ഗതാഗത ക്രമീകരണം നടത്താൻ പൊലീസിന് കഴിഞ്ഞു. മോട്ടോർ‍ വാഹന വകുപ്പിന് കീഴിലുള്ള സേഫ് സോൺ പ്രവർത്തനവും അംഗീകരിക്കപ്പെട്ടു.

മകരവിളക്കിനു മുന്നോടിയായി മോട്ടോർ വാഹനവകുപ്പിന് കീഴിൽ കനത്ത വാഹന ഗതാഗത ക്രമീകരണമാണ് നടപ്പാക്കുകയെന്ന് അധികൃതർ പറഞ്ഞു. വിളക്കു കഴിഞ്ഞ് തിരികെ എത്തുന്ന വണ്ടികൾ അപകടമുണ്ടാകാതിരിക്കാൻ കോൺവോയ് അടിസ്ഥാനത്തിൽ അയയ്ക്കും. എരുമേലി– കണമല, എരുമലി– കാഞ്ഞിരപ്പള്ളി, മുണ്ടക്കയം– എരുമേലി, മുക്കൂട്ടുതറ, ഇടകടത്തി– കണമല റോഡുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളുണ്ടാവും. അയ്യപ്പസേവാസംഘം ശബരിമല തീർഥാടകർക്കായി വിവിധ ഭാഷകളിൽ ജാഗ്രതാ അറിയിപ്പുകൾ നടത്തിയത് മോഷണം, പിടിച്ചുപറി എന്നിവ കുറയാൻ സഹായകമായി.

ഈ സീസണിലെ പുതുമയാണ് പുണ്യം പൂങ്കാവനം പദ്ധതിയും ജൈവസിന്ദൂരവും. എരുമേലിയിൽ ആദ്യമായി നടപ്പാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയിൽ പൊലീസ്, വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവ സഹകരിച്ചതോടെ റോഡിലെയും ആരാധനാലയ പരിസരങ്ങളിലെയും ചപ്പുചവറുകൾ നീക്കാനായി. രാസ സിന്ദൂരത്തിന് പകരം തെലങ്കാന കാർഷിക സർവകലാശാല വികസിപ്പിച്ച ജൈവസിന്ദൂരം എരുമേലിയിൽ സീസൺ അവസാനത്തോടെ എത്തിച്ചതും ഭാവിയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. ഒട്ടേറെ പ്രമുഖർ ഈ പദ്ധതിയെ അനുമോദിച്ച് രംഗത്തെത്തി. എരുമേലിയിൽ ഈ വർഷം തുടങ്ങിയ അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ സേവനപ്രവർത്തനങ്ങളും മാതൃകാപരമായി.